Sunday, January 27, 2019

ചായ ഗ്ലാസ്സിലുടക്കിയ കണ്ണുകൾ

"വഴിവക്കിൽ  ആ മരം കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ ആർക്കൊക്കെയോ വേണ്ടി ഇന്നും പൂത്തു നിൽക്കാറുണ്ട് . ചിതറിയ ഇലകൾക്ക് മുകളിൽ ചില്ലകൾ ചാഞ്ഞും  വളഞ്ഞും പുളഞ്ഞും പകൽ വെളിച്ചത്തിൽ നമ്മുടെ ഓർമയ്ക്കായി   നിഴലുകൾ വരച്ചിരുന്ന ആ മരം രവി മറന്നിട്ടുണ്ടാവില്ല അല്ലെ ? " പാതി സംശയത്തോടെയും  പാതി ആകാംഷയോടെയുള്ള  ജയശ്രീയുടെ ചോദ്യത്തിന് മുൻപിൽ ഒഴിഞ്ഞ ചായ ഗ്ളാസ് പാതി ചെരിച്ചു ഉരുട്ടിക്കൊണ്ടു എവിടെയോ നഷ്ടം വന്ന നോട്ടത്തോടെ ഇരുന്ന രവിയി എന്തെങ്കിലും മാറ്റമുണ്ടാക്കിയതായി തോന്നിയില്ല.
ജയശ്രീയിൽ നിന്നും വീണ ഒരു ദീർഘ നിശ്വാസത്തിനപ്പുറത്ത് ഇരുളുകേറിയ കോഫി ഹൌസ്സിൽ കുറെ നേരത്തേക്ക് മറ്റു ശബ്ദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
"രവി നീ വല്ലാതെ മാറിയിരിക്കുന്നു ...ഒരു തരം  ഭയാനകമായ മാറ്റം " ഒരു വിങ്ങലിന്റെ അടുത്തെത്തിയ പതറിച്ചയോടെ ജയശ്രീ കണ്ണ് തുടച്ചു.
"നീ ഒട്ടും മാറിയിട്ടുമില്ല .." ഒരു വേദന നിറഞ്ഞ ചിരിയോടെ രവി മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ ജയശ്രീക്ക് നേരെ നീട്ടി. പത്തു നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത് സംഗമത്തിൽനിന്നും കടമെടുത്ത സമയത്തിൽ കഴിഞ്ഞ കാലത്തിന്റെ ഓര്മകളുറങ്ങുന്ന കുറച്ചു സ്ഥലങ്ങളിലൂടെ ഒരിത്തിരി  സമയമെന്നത് ജയശ്രീയുടെ ആശയമായിരുന്നു.
"എനിക്കിപ്പോൾ തോന്നുന്നു ഈ സംഗമത്തിന് ഞാൻ വരരുതായിരുന്നു . ജീവിതത്തിലെ പ്രശ്നങ്ങൾക്കിടയിൽ ഓർത്തെടുക്കാൻ സുഖമുള്ളൊരു ഒരു നൊന്പരമായി  നീയെന്റെ മുന്നിലെന്നും ഉണ്ടായിരുന്നു. ഒരു നൊസ്റ്റാൾജിയ. ഒരു വിങ്ങൽ. ഇന്നെനിക്കതാണ്  നഷ്ടമായത്. പണ്ടാരോ പറഞ്ഞ പോലെ എന്റെ വേദനകൾക്കിടയിൽ കേട്ട് പാടുകൾ പൊട്ടിച്ചെറിയാൻ വരുന്ന വെളുത്ത കുതിരപ്പുറത്തു വരുന്ന രാജകുമാരനായിരുന്നു നീ.നഷ്ടമായ ഈ വർഷങ്ങൾക്കിടയിൽ  നീയും നഷ്ടമായത് ഞാൻ അറിയാൻ പാടില്ലായിരുന്നു ..." ഒരു തേങ്ങലിന്റെ  ഇടർച്ചയിൽ ജയശ്രീയുടെ വാക്കുകൾ വീണ്ടുമെത്തി നിന്നു .
പിന്നെയും ഒരു നീണ്ട നിശബ്തതയായിരുന്നു അവർക്കിടയിൽ. ഒന്നും പറയാനാകാതെ തടിച്ചു  കറുത്ത കണ്ണടക്കു പിന്നിൽ കണ്ണുകൾ മേശപ്പുറത്തെ ചായ ഗ്ലാസ്സിലേക്കു മാത്രം ഉടക്കി ഒരു  തരം  നിസ്സങ്കതത്വത്തോടെ രവി എന്ന പഴയ കൂട്ടുകാരൻ, കാലം മായ്ക്കാത്ത ഓര്മകൾക്കുളിൽ ജീവിക്കുന്ന കൂട്ടുകാരിക്ക് മുന്നിലിരുന്നു.
അവർക്കിടയിലെ നീണ്ട നിശബ്ദത അവസാനിപ്പിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന ഫോൺ ബെല്ലടിച്ചു. ഒരു ചോദ്യ ചിഹ്നംപോലെ പാതി നിറഞ്ഞതും  തളർന്നതുമായ കണ്ണുകൾക്ക് മുന്നിൽ രവി ഫോണെടുത്തു
"ദാ ...തിരക്കിനിടയിൽ മരുന്ന് കഴിക്കാൻ മറക്കരുത് .." അപ്പുറത്തു ഭാര്യയായിരുന്നു
"ശരി." ഒറ്റ വാക്കിൽ ഉത്തരമൊതുക്കി രവി ജയശ്രീയോടായി പറഞ്ഞു
"ഭാര്യയാണ് . മരുന്ന് കഴിക്കാൻ ഓർമിപ്പിച്ചതാണ്. "
ഒരു നീണ്ട നിശ്വാസം ജയശ്രീയിൽനിന്നും അറ്റു  വീണു
"പോകാം" സ്വപ്‌നങ്ങൾ വീണ്ടെടുക്കാൻ കൊതിച്ച ശബ്ദത്തിൽ പ്രായത്തിന്റെ തിണർപ്പ്
കൗണ്ടറിൽ പണമടച്ചു പുറത്തിറങ്ങിയ അവർക്കു മുന്നിൽ പഴയതെല്ലാം പൊളിച്ചു മാറ്റി ഒരു നഗരം വളർന്നു വലുതാകുകയായിരുന്നു.
അവർക്കു പിന്നിൽ ചായ വിറ്റൊരു  പ്രധാനമന്ത്രിയുടെ കീറിയ പോസ്റ്ററും



No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...