Sunday, January 27, 2019

ചായ ഗ്ലാസ്സിലുടക്കിയ കണ്ണുകൾ

"വഴിവക്കിൽ  ആ മരം കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ ആർക്കൊക്കെയോ വേണ്ടി ഇന്നും പൂത്തു നിൽക്കാറുണ്ട് . ചിതറിയ ഇലകൾക്ക് മുകളിൽ ചില്ലകൾ ചാഞ്ഞും  വളഞ്ഞും പുളഞ്ഞും പകൽ വെളിച്ചത്തിൽ നമ്മുടെ ഓർമയ്ക്കായി   നിഴലുകൾ വരച്ചിരുന്ന ആ മരം രവി മറന്നിട്ടുണ്ടാവില്ല അല്ലെ ? " പാതി സംശയത്തോടെയും  പാതി ആകാംഷയോടെയുള്ള  ജയശ്രീയുടെ ചോദ്യത്തിന് മുൻപിൽ ഒഴിഞ്ഞ ചായ ഗ്ളാസ് പാതി ചെരിച്ചു ഉരുട്ടിക്കൊണ്ടു എവിടെയോ നഷ്ടം വന്ന നോട്ടത്തോടെ ഇരുന്ന രവിയി എന്തെങ്കിലും മാറ്റമുണ്ടാക്കിയതായി തോന്നിയില്ല.
ജയശ്രീയിൽ നിന്നും വീണ ഒരു ദീർഘ നിശ്വാസത്തിനപ്പുറത്ത് ഇരുളുകേറിയ കോഫി ഹൌസ്സിൽ കുറെ നേരത്തേക്ക് മറ്റു ശബ്ദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
"രവി നീ വല്ലാതെ മാറിയിരിക്കുന്നു ...ഒരു തരം  ഭയാനകമായ മാറ്റം " ഒരു വിങ്ങലിന്റെ അടുത്തെത്തിയ പതറിച്ചയോടെ ജയശ്രീ കണ്ണ് തുടച്ചു.
"നീ ഒട്ടും മാറിയിട്ടുമില്ല .." ഒരു വേദന നിറഞ്ഞ ചിരിയോടെ രവി മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ ജയശ്രീക്ക് നേരെ നീട്ടി. പത്തു നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത് സംഗമത്തിൽനിന്നും കടമെടുത്ത സമയത്തിൽ കഴിഞ്ഞ കാലത്തിന്റെ ഓര്മകളുറങ്ങുന്ന കുറച്ചു സ്ഥലങ്ങളിലൂടെ ഒരിത്തിരി  സമയമെന്നത് ജയശ്രീയുടെ ആശയമായിരുന്നു.
"എനിക്കിപ്പോൾ തോന്നുന്നു ഈ സംഗമത്തിന് ഞാൻ വരരുതായിരുന്നു . ജീവിതത്തിലെ പ്രശ്നങ്ങൾക്കിടയിൽ ഓർത്തെടുക്കാൻ സുഖമുള്ളൊരു ഒരു നൊന്പരമായി  നീയെന്റെ മുന്നിലെന്നും ഉണ്ടായിരുന്നു. ഒരു നൊസ്റ്റാൾജിയ. ഒരു വിങ്ങൽ. ഇന്നെനിക്കതാണ്  നഷ്ടമായത്. പണ്ടാരോ പറഞ്ഞ പോലെ എന്റെ വേദനകൾക്കിടയിൽ കേട്ട് പാടുകൾ പൊട്ടിച്ചെറിയാൻ വരുന്ന വെളുത്ത കുതിരപ്പുറത്തു വരുന്ന രാജകുമാരനായിരുന്നു നീ.നഷ്ടമായ ഈ വർഷങ്ങൾക്കിടയിൽ  നീയും നഷ്ടമായത് ഞാൻ അറിയാൻ പാടില്ലായിരുന്നു ..." ഒരു തേങ്ങലിന്റെ  ഇടർച്ചയിൽ ജയശ്രീയുടെ വാക്കുകൾ വീണ്ടുമെത്തി നിന്നു .
പിന്നെയും ഒരു നീണ്ട നിശബ്തതയായിരുന്നു അവർക്കിടയിൽ. ഒന്നും പറയാനാകാതെ തടിച്ചു  കറുത്ത കണ്ണടക്കു പിന്നിൽ കണ്ണുകൾ മേശപ്പുറത്തെ ചായ ഗ്ലാസ്സിലേക്കു മാത്രം ഉടക്കി ഒരു  തരം  നിസ്സങ്കതത്വത്തോടെ രവി എന്ന പഴയ കൂട്ടുകാരൻ, കാലം മായ്ക്കാത്ത ഓര്മകൾക്കുളിൽ ജീവിക്കുന്ന കൂട്ടുകാരിക്ക് മുന്നിലിരുന്നു.
അവർക്കിടയിലെ നീണ്ട നിശബ്ദത അവസാനിപ്പിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന ഫോൺ ബെല്ലടിച്ചു. ഒരു ചോദ്യ ചിഹ്നംപോലെ പാതി നിറഞ്ഞതും  തളർന്നതുമായ കണ്ണുകൾക്ക് മുന്നിൽ രവി ഫോണെടുത്തു
"ദാ ...തിരക്കിനിടയിൽ മരുന്ന് കഴിക്കാൻ മറക്കരുത് .." അപ്പുറത്തു ഭാര്യയായിരുന്നു
"ശരി." ഒറ്റ വാക്കിൽ ഉത്തരമൊതുക്കി രവി ജയശ്രീയോടായി പറഞ്ഞു
"ഭാര്യയാണ് . മരുന്ന് കഴിക്കാൻ ഓർമിപ്പിച്ചതാണ്. "
ഒരു നീണ്ട നിശ്വാസം ജയശ്രീയിൽനിന്നും അറ്റു  വീണു
"പോകാം" സ്വപ്‌നങ്ങൾ വീണ്ടെടുക്കാൻ കൊതിച്ച ശബ്ദത്തിൽ പ്രായത്തിന്റെ തിണർപ്പ്
കൗണ്ടറിൽ പണമടച്ചു പുറത്തിറങ്ങിയ അവർക്കു മുന്നിൽ പഴയതെല്ലാം പൊളിച്ചു മാറ്റി ഒരു നഗരം വളർന്നു വലുതാകുകയായിരുന്നു.
അവർക്കു പിന്നിൽ ചായ വിറ്റൊരു  പ്രധാനമന്ത്രിയുടെ കീറിയ പോസ്റ്ററുംTuesday, December 4, 2018

ഒരു കല്ലായി കഥ
സോഷ്യൽ എക്കോളജി പഠനത്തിന്റെ ഭാഗമായി സ്വന്തം നാടായ കോഴിക്കോടെത്തിയതായിരുന്നു ഞങ്ങൾ. രണ്ടു ടീച്ചർമാറും ഇരുപത്തൊന്നു കുട്ടികളുമടങ്ങിയ ഈ സംഘം യാത്രയുടെ അവസ്സാന ദിവസത്തിന് മുന്പായി അതിരാവിലെ സൂര്യോദയത്തിനു മുൻപ് കല്ലായിലെത്തി . കല്ലായി തെരുവിനൊരു പ്രത്യേകതയുണ്ട്  പുഴയിലെത്തണമെങ്കിൽ മരമില്ലു കടക്കണം. ഇനിയുമുണർന്നിട്ടില്ലാത്ത കല്ലായി തെരുവിലൂടെ അടഞ്ഞ മരമില്ല്  വാതിലുകൾക്കു മുൻപിലൂടെ മെല്ലെ  ഞങ്ങൾ കഥകൾ പറഞ്ഞെത്തിയത്  ഒടുവിലൊരു തുറന്ന ഗേറ്റുള്ള മരമില്ലിന് മുന്പിലായിരുന്നു.  അട്ടിയിട്ട മരങ്ങൾക്കുമുന്പിലൂടെ പുഴയിൽ പൊതിർക്കാനിട്ട മരങ്ങൾക്കു മുകളിൽ ഞങ്ങളെല്ലാവരും സർക്കസ്സ് കളിച്ചു ഒരു കല്ലായി പ്രഭാത കാണാൻ കയറിയിരുന്നു. മുന്നിൽ നിഷാപദമായി ഒഴുകുന്ന പുഴ. അങ്ങ് ദൂരെ സൂര്യനുണരുന്നതേയുള്ളു . പലരും ചിത്രങ്ങൾ വരക്കുകയായിരുന്നു . മറ്റു ചിലർ ചിത്രമെടുക്കുകയും. ആകെ ഒരു പളുങ്കൻ ഭാഷയിൽ പറഞ്ഞാൽ സാന്ദ്രമധുര മനോഹരമായ പ്രഭാതം. അപ്പോഴാണ് ദൂരെ പുഴയിൽ രണ്ടുപേർ  തോണി തുഴഞ്ഞു പോകുന്നത് കണ്ടത് .ഞങ്ങളുടെ കുട്ടികളെ കണ്ട അവർ ഒന്ന് തീരുമാനിച്ചു ഞങ്ങൾ വടക്കേ ഇന്ത്യക്കാരാണ് . ഹലോ ആപ് കാഹാൻസ് അര്ഹാഹെയ്‌ൻ ...ഒരു മല്ലു ഹിന്ദിയിൽ ഒരു തട്ട് .  ഇരുപതു പെൺകുട്ടികളെ ഒന്നിച്ചു  കണ്ട യുവകോമളന്മാരുടെ ചെയ്തത്തായി  തോന്നിയ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞങ്ങള് ബാംഗളൂരിൽ നിന്നാണ് ഭായ് ...".
"അത് ശരി നിങ്ങള് മലയാളിയാ ?"
"അതെ ..കല്ലായിനെ പറ്റി പഠിക്കാൻ  വന്ന ഡിസൈൻ കുട്ടികളാ "
"ഓ..അത് ശരി ....കല്ലായിനെ  പറ്റി  പഠിക്കാനാണെകിൽ ...ആട ഇപ്പം കൊറേ വയസ്സന്മാർ ചായ കുടിക്കാനിറങ്ങും ...ഓരോട് ചോദിക്കണം ...ഓര  കഥയാണ് കല്ലായി കഥ ...." അവര്ച്ചത്തിൽ വിളിച്ചു പറഞ്ഞു മെല്ല തുഴഞ്ഞു പോയി.
ഇനിയാണ് കല്ലായിക്കാരന്റെ കഥ തുടങ്ങുന്നത് . ഒരു സാദാരണ കോഴിക്കോടുകാരന്റെയും

Thursday, June 7, 2018

ചിത്രങ്ങൾ രാത്രി കാഴ്ചയായതുആകാശത്തിന്റെ നിറം നീലയാണെന്നു പറഞ്ഞു തന്നതാരാണെന്നു ഓർമയില്ല. ഒരുപക്ഷെ ചിന്തിക്കാനറിയാത്ത ചെറുപ്പത്തിൽ ആരോ എന്നെ പഠിപ്പിച്ചതാണ്. അതെന്തായാലും നന്നായി. ഇനി ചിന്തിച്ചു വേവലാതിപെടേണ്ടല്ലോ.
ആകാശത്തിന് നിറം നീല.
മരം പച്ച
മണ്ണ് ചുകപ്പ്
കല്ല് കറുപ്പ്
കാക്ക കറുപ്പ്
ആന കറുപ്പ്
"തെറ്റരുത്‌ " ക്ലാസ്സിലെ ഡ്രോയിങ് ടീച്ചറുടെ കനത്ത ശബ്ദം
"ഇല്ല തെറ്റില്ല"

കാലം കടന്നുപോയപ്പോൾ, ഓർമ്മകൾ തെറ്റാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ഇതെല്ലം പകൽ കാഴ്ചകൾ മാത്രമാണെന്നറിഞ്ഞപ്പോൾ, എല്ലാ പകലിനുമൊരു രാത്രിയുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ എന്റെ ചിത്രങ്ങളെല്ലാം രാത്രികാഴ്ചയായി
ആകാശം കറുപ്പ്
മരം കറുപ്പ്
മണ്ണ് കറുപ്പ്
കല്ല് കറുപ്പ്
കാക്ക കറുപ്പ്
ആന കറുപ്പ്
"തെറ്റരുത്" മനസ്സു പറഞ്ഞു
"ഇല്ല തെറ്റില്ല . കറുപ്പിൽ മാത്രമേ വെളിച്ചത്തെ തിരിച്ചറിയൂ. വെളിച്ചത്തിൽ നിറങ്ങളെന്ന മായ കാഴ്ചകൾ മാത്രമേ കാണു. വെളിച്ചത്തിൽ വെളിച്ചം മറഞ്ഞു പോകും. കറുപ്പ് കാണാതെയും "
ആകാശം കറുപ്പ്
മരം കറുപ്പ്
മണ്ണ് കറുപ്പ്
.......
......
മനുഷ്യനും

ദേവൻ

ഇന്നലെ കുറെകാലത്തിനു ശേഷമാണ്  ദേവനെ കാണുന്നത് . കൈയ്യിൽ പഴകി അരികു പൊടിഞ്ഞ ഫയലുമായി ബസ്സു കാത്തു നിൽക്കുകയായിരുന്നു.  കാറിൽ അറുപതിൽ മുകളിൽ സ്പീഡിൽ പോയിട്ടും അവൻ കണ്ണിൽ പെടാതെ രക്ഷപ്പെട്ടില്ല. മുന്നോട്ടു എടുത്തു അരികു ചേർത്ത് കാറ് നിർത്തിയപ്പോഴേക്കും അവൻ നടന്നു വന്നു. ദേവനും എന്നെ കണ്ടിരുന്നു. നരച്ച നീണ്ട താടിയും അതിലേറെ നരച്ച ഷർട്ടും  പ്രായത്തിലധികം  വരകൾ വീണ മുഖവും എല്ലാം കൂടി ദേവനെ പഴയ ദേവന്റെ ഒരു സ്മരണ മാത്രമാക്കിയിരുന്നു.

"എവിടേക്കാട നീ ?"
അവന്റെ സ്ഥിരം ചോദ്യത്തിന് മാത്രം യാതൊരു മാറ്റവും വന്നിരുന്നില്ല. അവന്റെ കൂടെ ഹമാം സോപ്പിന്റെ മറക്കാൻ പറ്റാത്ത സുഗന്ധം കൂടി അകത്തേക്ക് വന്നു.

"എടാ ലോകം മുഴുവൻ മാറി എന്നാലും നീ ഹമാം സോപ്പ് വിടില്ല അല്ലെ " എന്റെ ചിരിച്ചു കൊണ്ടുള്ള ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം.

"ഇന്നിനി എവിടേക്കും ഇല്ല. നമുക്ക് വീട്ടിലേക്കു പോകാം ..നിന്നെ എത്ര കാലം കഴിഞ്ഞാണ് കാണുന്നത് ..." എന്റെ ആ ഉത്തരത്തിനു നീണ്ട ഒരു മൗനമായിരുന്നു മറുപടി.

രണ്ടു നിമിഷത്തിന്റെ നീണ്ട മൗനത്തിനു ശേഷം ഒരിത്തിരി ഗൗരവത്തോടെ ദേവൻ എന്റെ മുഖത്തോടു നോക്കി പറഞ്ഞു

"ഇല്ലട ...ഞാനിപ്പൊഴാരുടെയും വീട്ടിലേക്കു പോകാറില്ല. പഴയ കൂട്ടുകാരുടെയും അവരുടെ വീട്ടുകാരുടെയും കറുത്ത മുഖങ്ങൾക്കു മുഖം കൊടുക്കാറില്ല. നീ കാറ് വല്ല ഹോട്ടലിലേക്കും വീട് . നന്നായി വിശക്കുന്നു. ഇന്നലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല"

എന്റെ ഉള്ളൊന്നു ഞെട്ടി . പിന്നെ ഒന്നും മിണ്ടാതെ അടുത്തുള്ള ഉടുപ്പി റെസ്റ്റോറെന്റിലേക്കു കാറ്  തിരിച്ചു.

"എടാ നീ ഒന്ന് മിനുങ്ങീട്ടുണ്ട് . കാറൊക്കെ നിന്റെയാണോ ?" എന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ ദേവൻ തുടർന്നു "കാശൊക്കെയായി അല്ലെ?...നന്നായി..നിന്നെകുറിച്ചെനിക്കെന്നും പേടിയായിരുന്നു ...നന്നായി "

പിന്നെയൊരു നീണ്ട നിശ്ശബ്ദതയായിരുന്നു.

കാർ ഉടുപ്പി  റെസ്റ്റോറന്റിലേക്കു തിരിഞ്ഞപ്പോഴും, ഇറങ്ങിയപ്പോഴും അകത്തേക്ക് നടന്നപ്പോഴും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എന്തെക്കെയോ പറയണമെന്നുണ്ട് .
ചോദിക്കണമെന്നും  എവിടെ തുടങ്ങും എന്ത് പറയുമെന്നറിയാതെ രണ്ടുപേരും നിശബ്ദരായിപ്പോയി

"എടാ എനിക്കൊരു മസാല ദോശയും, ഇഡ്ലിവടയും ഒരു മൂന്ന് കാപ്പിയും പറയ് " മൂലയിലൊരു മേശക്കരികിലിരുന്നുകൊണ്ടു ദേവൻ പറഞ്ഞു.

റെസ്റ്റോറന്റിൽ തിരക്ക് കുറവായിരുന്നു. അവൻ പറയാതെ തന്നെ, അവനെന്നും ഇഷ്ടമുള്ള മുളക് ബജിയും രണ്ടെണ്ണം വാങ്ങി . അത്  കണ്ടപ്പോൾ അവന്റെ മുഖമൊന്നു തെളിഞ്ഞു "ഹ! നീ ഇതൊന്നും മറന്നില്ല അല്ലെ. വയറിനു പറ്റില്ല . പട്ടിണി കിടന്നു വയാറാകേ  അൾസർ ആണെന്നാണ് ഡോക്ടർമാർ പറയുന്നത് " അവന്റെ വാക്കുകൾ നെഞ്ചിൽ തറച്ചു കയറുന്പോഴും  അവൻ ചിരിക്കുകയായിരുന്നു.

"നീ എന്താണിപ്പോ ചെയ്യുന്നത് " ഒരിത്തിരി അസ്വസ്ഥതയോടെ ചോദിച്ചു

"അത് തന്നെ ...പണ്ട് നമ്മളൊക്കെ സ്വപ്നം കണ്ട ലോകം. മനുഷ്യനായി ജീവിക്കുന്നു. മനുഷ്യരോടൊപ്പം ജീവിക്കുന്നു" ചിരിവിടാതെ ദേവൻ മെല്ലെ മെല്ലെ ദോശ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി.

"വയറിനു പറ്റില്ല ...എന്നാലും ഒരു കൈ നോക്കാം"

"എവിടെയാണിപ്പോ?"

"മധ്യപ്രദേശിൽ ..അത് വീട് ...നിനക്കൊരു രസം കേൾക്കണോ . ഞാൻ നമ്രതയെ കുറെ കാലങ്ങൾക്കു ശേഷം കണ്ടു "

ദേവന്റെയും നമ്രതയുടെയും കടുത്ത പ്രേമം അക്കാലത്തു ഞങ്ങൾക്കിടയിൽ വലിയ സംഭവമായിരുന്നു.

"അത് ശരി . പണ്ടത്തെ പ്രേമം ഇപ്പോഴും ഉണ്ടല്ലേ?" ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു

"തമാശയതല്ല. എന്നെ അറസ്റ്റുചെയ്തു കോടതിയിലെത്തിയപ്പോൾ, ഡിസ്ട്രിക്ട്  കളക്ടറായി  എനിക്കെതിരെ കേസ് വാദിക്കാൻ സർക്കാരിന് വേണ്ടി അവളുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അവളൊന്ന് ഞെട്ടി . പഴയ പ്രേമത്തിന്റെ പ്രേതം പെട്ടന്ന് മുന്നിൽ വന്നപ്പോഴുണ്ടായ വേദനയോ പരിഭ്രമമോ എന്താണെന്നറിയില്ല, അവളൊന്നും വാദിക്കാതെ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി . അവളുടെ ഔദാര്യമായിരിക്കണം എന്നെ മാത്രം കേസിൽ നിന്നും വെറുതെ വിട്ടു. രണ്ടു മൂന്ന് തവണ ഒന്നവളെ കാണാൻ ശ്രമിച്ചു . അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല ...."

ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നെ.

"എന്ത് കേസ്സായിരുന്നു ?" ആകാംഷയടക്കാനാകാതെ ഞാൻ ചോദിച്ചു

"മൈനിങ്ങ് ഡിസ്‌പ്ലേസ്‌മെന്റ് പ്രൊട്ടസ്റ്റ് " മുഖമുയർത്താതെ ഇഡ്‌ലിയിലേക്കു ഫോർക്  ഇറക്കികൊണ്ടു ദേവൻ മെല്ലെ പറഞ്ഞു

"ദേവാ എന്റെ വീട്ടിൽ ഇന്ന് നിന്നിട്ടു പോകാം ..."

"ഇല്ല. എന്റെ വീട്ടുകാർ എന്നെ വീട്ടിൽ കേറ്ററില്ല  ...പിന്നെന്തിനാടാ നീ " ഒരു ദയനീയമായ ചിരിയാണോ വേദനയാണോ അവന്റെ മുഖത്ത് മിന്നി മറഞ്ഞു

"നിന്റെ കൈയ്യിൽ കാശ് വല്ലതുമുണ്ടെങ്കിൽ താ...ഞാനിവിടെ എന്റെ കൂട്ടുകാരന്റെ മോൾടെ  മെഡിക്കൽ റിപ്പോർട്ട് നിംഹാൻസിൽ കാണിക്കാൻ വന്നതാ . പക്ഷപാതം പിടിച്ചു കിടപ്പാണ് . അവനെയും ഭാര്യയേയും  നക്സലേറ്റ് ആണെന്ന് പറഞ്ഞു കഴിഞ്ഞ കൊല്ലം വെടിവച്ചു കൊന്നു. പാവം ആരുമില്ല "

പോക്കറ്റിൽ കൈയിട്ടു നോക്കി . പത്തു രണ്ടായിരം രൂപയുണ്ടാകും
"നമുക്ക് എ.ടി.എം. ൽ പോയെടുക്കാം "

"വേണ്ട.. നിന്റെ കൈയിലുള്ളത് തന്നാൽ മതി " ഉടുത്ത മുണ്ടുകൊണ്ടു മുഖം തുടച്ചുകൊണ്ടു അവന്റെ കനത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ മറുത്തു പറയാൻ കഴിഞ്ഞില്ല

 "നിംഹാൻസിൽ ഞാൻ വിടാം "

"ഇല്ല വേണ്ട ഇവിടെനിന്നും ഡയറക്റ്റ് ബസ്സുണ്ട് . ഇരുപതു രൂപയ്ക്കു വേണ്ടി അഞ്ഞുറു രൂപയുടെ പെട്രോൾ കത്തിക്കണ്ട...നമുക്ക് കാണാം. എന്നെങ്കിലും എവിടെ വച്ചെങ്കിലും ...."
ബിഎംടിസിയുടെ പഴയ നീല ബസ്സിൽ ആൾക്കൂട്ടത്തോടൊപ്പം ദേവൻ ട്രാഫിക്കിൽ മറഞ്ഞു .

എവിടെയാണ് തെറ്റ് പറ്റിയത് . അല്ലെങ്കിൽ അവനാണോ അതോ എനിക്കോ ..ആർക്കാണ് തെറ്റ് പറ്റിയത്?. കണ്ണിൽ പിടിച്ചു വെക്കാനാകാതെ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു  എസി  കാറിന്റെ ഗ്ലാസ്സിനപ്പുറത്തെ ലോകം മെല്ലെ മെല്ലെ മങ്ങി മറഞ്ഞു. അതിനപ്പുറത്തെ ലോകത്തു ദേവൻ ഒരധികപ്പറ്റാണ് . ദേവന് ഈ ലോകവും

Wednesday, February 28, 2018

സലിമെന്ന വയസ്സൻ മാപ്പിള

പാതി മറഞ്ഞ  വെളിച്ചത്തിന്റെ മറവിൽ സലിം സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പള്ളിയുടെ പടികളിറങ്ങി. നേരം ഇരുട്ടാകുന്നതിനു മുൻപ് വീട് പിടിക്കണം.
കെട്ട കാലമാണ് .
പണ്ടൊക്കെ അവസാനത്തെ ബാങ്കും കൊടുത്തു പിന്നെയും ഇരിക്കുമായിരുന്നു  പള്ളിയിൽ കുറെ നേരം. കോട തുന്നുന്ന ബഷീറും, ചൊമട്ടു തൊഴിലാളി പോക്കരും, മുട്ട കച്ചോടക്കാരൻ ബീരാനും അങ്ങിനെ കാലത്തിലെവിടെയോ മറഞ്ഞു പോയ പലരും.

സലീംകാ എന്ന അവരുടെ മറക്കാൻ പറ്റാത്ത വിളി ഇപ്പോഴും കാതിലിലുണ്ട്.  അതൊരു കാലം.

ഇന്ന് കഥ വേറെയാണ്.  മുന്തിയ കാറുകളും, കോടികളുടെ ഭാരമുള്ളവരുടെ   ശബ്ദങ്ങളും ആ ശബ്ദങ്ങളിലൊതുങ്ങി പോകുന്ന പള്ളിയിലെ ശാന്തതയും, അതിനു റാൻ മൂളുന്ന മൗലിയാൻമാരും.

കേട്ട കാലമാണ്

സലിമെന്ന വയസ്സൻ മാപ്പിള അല്ലാഹുവിനു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്  ഒരു ദീർഘ നിശ്വാസം വിട്ടു വലിച്ചു നടന്നു

പുറത്തു സിറിയയിലെ പാശ്ചാത്യ അധിനിവേശത്തിന്റെ ദാരുണതകളെക്കുറിച്ചു നടക്കുന്ന സമ്മേളനത്തിന് വന്നവരുടെ അന്തമില്ലാതെ പറന്നു കിടക്കുന്ന  റോൾസ് റോയ്‌സ് , bmw, ഓഡി, സ്കോഡ, ഫോർഡ്  കാറുകൾക്കിടയിലൂടെ പുറത്തുകടക്കാൻ  വഴികിട്ടാതെ അന്തം വിട്ടു നിൽക്കുന്ന സലീമെന്ന വയസ്സൻ മാപ്പിള ദൂരെ നിന്നും നോക്കുന്പോൾ  ഒരു ബിന്ദുവായി ബിന്ദുവായി മാഞ്ഞു പോയി.

Tuesday, February 27, 2018

റേപ്പ് മ്യൂസിയം

നിശബ്ദത എന്നോ മറന്നു വച്ചതു തിരയാനായി സരോജിനി പഴയ ഇരുന്പ്  പെട്ടി തുറന്നു
വളപ്പൊട്ടുകൾ, അക്ഷരങ്ങൾ മാഞ്ഞു പോയ കത്തുകൾ, പ്രേം നസിറിന്റെ സിനിമയുടെ രണ്ടു മൂന്ന് നോട്ടീസുകൾ , പഴയ ബസ്സിന്റെയും ട്രെയിനിറെയും റ്റിസിക്കറ്റുകൾ, കുറെ കീറിയ പെറ്റിക്കോട്ടുകൾ, ഒരു  പതിനഞ്ചുകാരിയുടെ പൂക്കളുള്ള ഉടുപ്പുകൾ,  പിന്നെ ഒരു മൈൽപീലി
മലയാളിയുടെ റൊമാന്റിക്ക് സങ്കല്പങ്ങൾക്കുള്ള എല്ല്ലാ ഒരുക്കങ്ങളും എന്നോ തയ്യാറാക്കാൻ തനിക്കന്നെ അറിയുമായിരുന്നു എന്ന് അഭിമാനത്തോടെ സരോജിനി ഓർത്തു
"അല്ല സരോജിയേച്ചിയെ നിങ്ങളിപ്പും ഇതെന്നെ തുറന്നു നോക്കിയിരിക്ക്യ ...ബേറെ പണിയൊന്നുല്ലപ്പാ നിങ്ങക്ക് "
പിന്നിൽ നിന്നും കണ്ണന്റെ ശബ്ദം കേട്ട് സരോജിനി തിരിഞ്ഞു നോക്കി . കണ്ണന്റെ കണ്ണുകളിൽ ഒരു തരം  ശരാശരി മലയാളിയുടെ കണ്ണുകളിൽ കാണാവുന്ന പുഛവും സരോജിനിയുടെ കണ്ണുകളിൽ  മായ്ച്ചിട്ടും മായ്ച്ചിട്ടും മായ്ക്കാനാകാത്ത നിസ്സഹായതയും
സരോജിനി ദയനീയമായി തന്റെ കൈയിലെ പഴകി അരികുകൾ പൊടിഞ്ഞ പത്രത്തിലേക്ക് കണ്ണുകളയച്ചു   അതിലെ വെണ്ടയ്ക്ക അക്ഷരത്തിലുള്ള തലക്കെട്ട് മാഞ്ഞിരുന്നില്ല
"പതിനാറുകാരിയുടെ പെൺവാണിഭ കേസിലെ 67  പ്രതികളെ കോടതി  വെറുതെ വിട്ടു"
ഒരു നീണ്ട നിശബ്ദതക്കു ശേഷം  പത്രം തിരിച്ചു ഇരുന്പ് പെട്ടിയിലാക്കി തന്റെ ശുഷ്കിച്ച കൈകൾ കൊണ്ട് ആരും പറയാനാഗ്രഹിക്കാത്ത, ആരും കാണാനില്ലാത്ത, ഒരു ചരിത്രത്തിന്റെ നേർക്കാഴ്ച തന്റെ റേപ്പ് മ്യൂസിയം മെല്ലെ അടച്ചു വച്ചു

സരോജിനിക്ക് പിന്നിൽ കണ്ണൻ കതകടച്ചു പുറത്തെ ചരിത്രമുറങ്ങുന്ന ചുവര്ചിത്രങ്ങൾക്കും ഗോത്ര സംസ്കാരങ്ങൾക്കും ക്ലാസിക് തനതു കലകൾക്കുമിടയിലേക്ക്  ഇടയിലേക്ക് അഭിമാനത്തോടെ നടന്നു നീങ്ങി .

Monday, February 26, 2018

രാമൻ ഉവാച : കണാരേട്ടന്റെ പാർട്ടിയും ബംഗാളിയുടെ മലയാളിയും

പതിവിനു വിപരീതമായി ആകാശത്തിന്റെ നീല നിറം മാഞ്ഞു പോയിരുന്നു . കൂടാതെ കണ്ണെത്താ ദൂരത്തോളം മുന്നിൽ പരന്നു  കിടക്കുന്ന വയലുകൾക്കപ്പുറത്തു അതിരുകൾ പൊതിഞ്ഞു നിനിന്നിരുന്ന ആകാശം ഇന്ന് പാതിവഴിയിൽ മുറിഞ്ഞു വീണിട്ടുമുണ്ട്
രാമൻ എന്നത്തേയും പോലെ കാളകളെ ആലയിൽ നിന്നുപുറത്തേക്കു മാറ്റിക്കെട്ടി. അതൊരു ചടങ്ങാണ്. വയലുകളുണങ്ങിയപ്പോൾ, ചോറ് പൈസ കൊടുത്തു വാങ്ങാൻ  തുടങ്ങിയപ്പോൾ കിട്ടേട്ടൻ  പറഞ്ഞു " രാമാ ഇനി എന്നെക്കൊണ്ട് വയ്യ ...നമ്മക്കിതവിടെ നിർത്താം "
രാമൻ നിർത്തി
അന്ന് തൊട്ടു കണ്ണെത്താ ദൂരത്തോളം കണ്ടം ഉഴുതു മറച്ച കാലികൾ നെല്ലിനെ സ്നേഹിച്ച കണ്ടത്തെ സ്നേഹിച്ച രാമന്റെ  കൂടെ വീട്ടിന്റെ മുന്നിൽ ആരെയോ എന്തിനെയോ കാത്തു നിന്നു
"എന്റെ പാർതിയേച്ചിയെ ..ഇനെന്തേങ്കിലും  തിന്നാൻ കൊടുക്കണ്ടേ ?" രാമൻ ദയനീയതയോടെ ചോദിച്ചു
രാമന്റെ മൂത്ത ചേച്ചി എന്ത് പറയണമെന്നറിയാതെ അന്തം വിട്ടു നിന്നപ്പോൾ കാളകൾ വേണമെന്ന് തലയാട്ടി . അവയ്‌ക്ക്‌  വിശക്കുന്നുണ്ടായിരുന്നു .
"ഇങ്ങിനെഇരുന്നാൽ കാര്യം നടക്കുല രാമാ ...ഇയ്യ്‌ എല്ലാരേം പോലെ ദുബായില് പോ , അങ്ങേലെ മംമൂഞ്ഞി വരെ പോയി . ഓനാട ഒട്ടകം മേക്കുന്ന പണിയാ .  നോക്കിയാട്ടെ ഓന്റെ കണ്ടം . നെല്ല് നിറഞ്ഞിന് " പാർദിയേച്ചിയെന്ന പാർവതി ചേച്ചി രാമനോട് പറഞ്ഞു
രാമനും നിരീച്ചു അതന്നെ നല്ലത് . പണമുണ്ടാക്കിയിട്ടു വേണം കാലിക്കു നല്ല തീറ്റ കൊടുക്കാൻ.  വീട് നന്നാക്കാൻ. പാർദിയേച്ചിന്റെ മോളെ കല്ല്യാണം കയിച്ചു കൊടുക്കാൻ പിന്നെ കണ്ഠം വാങ്ങി കൃഷിചെയ്യാൻ
നാട്ടിലാകെ കൂടെ രാമൻ പോകുന്നതിനോട് പ്രതികരിച്ചത്  പാർട്ടി മെംബാറായിരുന്നു
കണാരേട്ടൻ പറഞ്ഞു " അല്ല രാമാ നീ പോയാ ഈട  സ്റ്റഡി ക്ലാസ്സിലാരാ  വര്വ ജാഥക്ക് ആരാ പോവ്ആ "
"അയിനെന്താ കണാരേട്ടാ ഞാൻ നിങ്ങക്ക് പൈശ  അയച്ചു തരൂലേ"
രാമന്റെ ആ വാക്കുകൾ കേട്ടപ്പോൾ കണാരേട്ടന് സമാധാനമായി
"അല്ല എനക്ക് നിന്നയറിയാം ..എന്നാലും ഓർമ്മിപ്പിക്കണ്ട ഒരു കടമയില്ലേ " ചോന്ന ഡയറി കക്ഷത്തിലിറുക്കി കണാരേട്ടൻ പാർട്ടി ഓഫീസിലേക്കും , രാമൻ ദുബായിലേക്കും നടന്നു

അങ്ങിനെ കണാരേട്ടനും രാമനും വളർന്നു വലുതായി . കണാരേട്ടൻ മന്ത്രിയും, രാമന്റെ  പാർദിയേച്ചിയും വീട്ടുകാരും നാട്ടിലെ വല്യ ആളുകളുമായി . നോക്കാനാളില്ലാതായ കാലികളെ എന്നോ വിറ്റു . കണ്ടം  നിരത്തി രാമന്റെ വീട്ടുകാർ വീടുകള് വെച്ചു . രാമന്റെ മക്കള് വീടിന്റെ മുറ്റത്തോളം റോഡ് വെട്ടി കാറ് കൊണ്ടുവന്നു. കൊല്ലത്തില് ലീവില് വരുന്ന രാമനും, അമ്പലത്തിലെ ഉത്സവും വീട്ടുകാർക്ക് ഒരുപോലെയായിരുന്നു . കണാരേട്ടൻ മാത്രം പ്രതികരിച്ചു " അല്ല രാമാ ഇങ്ങിനെയായ കാര്യങ്ങനെയാ  നടക്കുവ. പാർട്ടി ഫണ്ടെല്ലാം വേണ്ടതല്ലേ"
രാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു "ങ്ങക്ക് വേറെ പണിയൊന്നുല്ലേ  കണാരേട്ട...ഞാൻ നിങ്ങക്ക് തരാം...പാർട്ടിനോട് പോയി ബെറേ  പണിനോക്കാൻ പറയ്‌ .."
കണാരേട്ടന് സമാധാനമായി "അല്ല എനക്കറീലേ നീയെന്ന മറക്കൂലാന്നു"
കണാരേട്ടൻ പാർട്ടി bmw കാറിലേക്കും , രാമൻ മക്കളെ കണ്ടം  ടൂറിസം കാണിക്കാനും നടന്നു നീങ്ങി
ദൂരെ ബാങ്കിനോടൊപ്പം  എവിടെയോ ചെണ്ട കൊട്ടുന്നുണ്ടായിരുന്നു . കൂടെ ഇറ്റാലിയൻ ടൈലിനു  മുകളിൽ , അമേരിക്കൻ എസിക്കുള്ളിൽ,  ചൈനീസ് വാതിലുകൾക്കപ്പുറത്തു ജാപ്പനീസ് ടീവിയിൽ  ഇന്നലെ നടന്ന കൊലപാതകം പാർട്ടി സെക്രട്ടറി  മലയാളത്തിൽ വിശദീകരിക്കുന്നത് പറന്പ് കിളക്കാൻ വന്ന ബംഗാളി ആദരവോടെ കേട്ടു  നിന്നു .

Sunday, February 4, 2018

ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസ്

"എന്നെ അറിയാമോ ? പെട്ടന്നായിരുന്നു മുന്നിൽ നിന്നും ചോദ്യം . 
ഒരു ചോദ്യത്തെക്കാൾ അതൊരു നിസ്സഹായതയായിരുന്നു. കണ്ടാൽ ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു സ്ത്രീ . ആവശ്യത്തിലധികം മേക്കപ്പ് ഇട്ടിട്ടുണ്ട് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള അവരുടെ മുഖത്തെ ഒരു തരം നിശ്ചലതയാണെന്നെ  പെട്ടന്നുണ്ടായ ചോദ്യത്തെക്കാൾ അന്പരിപ്പിച്ചത് .
ഒരിത്തിരി വിമ്മിഷ്ടത്തോടെ അതിലപ്പുറം ചമ്മലോടെ ഇല്ലെന്നെനിക്കു മറുപടി പറയേണ്ടിവന്നു. 
കണ്ട ഓർമയില്ല. ഏതെങ്കിലും ബന്ധുവാണോ എന്നറിയില്ല. കൈയ്യിലെ ചായക്കപ്പിൽ രണ്ടു കൈകൊണ്ടും പിടിച്ചുകൊണ്ട് അവരൊന്നു ചിരിച്ചു 
"അറിയാൻ വഴിയില്ല. കാരണം നിങ്ങളെന്നെ കണ്ടിട്ടില്ല"
എന്റെ ചമ്മൽ പതിയെ മാറി.
" നിങ്ങൾക്ക്‌ ഓര്മയുണ്ടാകുമോ എന്നറിയില്ല.." അത്രയും പറഞ്ഞാപ്പോൾ ഒരുകാര്യം ഉറപ്പായി മലബാറുകാരിയാണ് അല്ലെങ്കിൽ നിങ്ങളെന്നു സംബോധന ചെയ്യില്ലല്ലൊ .
"ഞാൻ ലോറൻസിന്റെ ഭാര്യയാണ് "
ഒരു നിമിഷം ഞാൻ ഞെട്ടി .
"ലോറെൻസ് മരിക്കുന്പോൾ എനിക്കായി ബാക്കി വച്ചിരുന്ന കാലി പേഴ്‌സിൽ നിങ്ങൾക്കെഴുതിയ ഒരു കത്തും ഫോട്ടോയുമുണ്ടായിരുന്നു"
ഇങ്ങിനെ ഇവിടെ വച്ചൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചതല്ല, അല്ലെങ്കിൽ ആ കത്ത് കൊണ്ടുവരുമായിരുന്നു " അവരുടെ മുഖത്താദ്യമായി ഒരു ചെറിയ ചിരി വിരിഞ്ഞു .
ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസിന്റെ ഭാര്യ. പെട്ടെന്നവരുടെ മുഖം ഒന്ന് കൂടി സൗന്ദര്യമുള്ളതായി തോന്നി. 
"അത് സാരമില്ല . ഞാൻ ഇവിടെ ബംഗളൂരിലാണ് താമസം ...ഞാൻ വന്നു വാങ്ങികൊള്ളാം" അവരെ സമാധാനിപ്പിക്കാനായി പറഞ്ഞുതീരുംമുന്പേ അവരെന്നെ തടഞ്ഞു 
"ഇല്ല അത് ലോറെൻസിനിഷ്ടമാവില്ല. ലോറെൻസിനു ഒരിക്കലും കാണാത്ത നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഇന്റർനെറ്റ് തപ്പി പിടിച്ചാണ് നിങ്ങളുടെ ഫോട്ടോ തന്നെ ഒപ്പിച്ചത്" 
ഒരുതുള്ളി കണ്ണീർ എന്റെ കണ്ണിലാണോ അതോ അവരുടെ കണ്ണിലാണോ വന്നതെന്നറിയില്ല 
ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നെ. അന്ന്യോന്ന്യം നോക്കാൻ ഭയന്നു വേറെയെവിടെയോ നോക്കി 
"ഇവിടെ എന്ത് ചെയ്യുന്നു ?"
"ഐ ടി സെക്ടറിലാണ്. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്നു " മറ്റൊന്നും പറയാനോ ചോദിക്കാനോ ഇല്ലാതെ ഞാൻ വെറുതെ തലയാട്ടി നിന്നു. 
"എന്താ പേര് ?"
"ലേഖ"
"ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ പ്രായം പറയുന്നു നിങ്ങളെ കണ്ടാൽ" ഒരു ചെറിയ പുഞ്ചിരിയോടെ ലേഖ പറഞ്ഞു 
ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറയാൻ തോന്നിയില്ല 
"ഫോൺ നന്പർ ?"
ഒരു നമ്പർ ഓർക്കാതെ പറയാൻ പറ്റുന്നതിനാൽ യാന്ദ്രികമായി പറഞ്ഞു കൊടുത്തു "98...."
"വിളിച്ചിട്ടു വീട്ടിൽ വരൂ " ഒരു മര്യാദ പറയാൻ മറന്നില്ല 
"വരാം കത്ത് തരേണ്ട "
ശരിയാണല്ലോ അതു മറന്നു. 
"വരട്ടെ എല്ലാത്തിനും നന്ദി" ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസെന്ന മനുഷ്യന്റെ കൂട്ടുകാരിയായ ഭാര്യ നടന്നകന്നു 
"ഞാൻ വിളിക്കും" ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞുകൊണ്ട് അവർ ആൾകൂട്ടത്തിൽ മറഞ്ഞു. 
ഒരു വേദന നെഞ്ചിലെവിടെയോ കൊളുത്തി നിന്നു 
ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസ് 

മൂന്ന് ദിവസങ്ങള്‍

ദിവസം ഒന്ന് 
മരണം വീണ്ടും വാതില്‍ക്കല്‍ എത്തി മുട്ടി വിളിച്ചു . പഴകിയ ഈര്‍പ്പം ചിത്രം വരച്ച ചുവരുകള്‍ക്കിടയില്‍ ഫവുര്‍ലൂബയുടെ ഒരു മരഘടികാരം പതിനൊന്ന് ആന്‍പ്പത്തിഒന്‍പത്തില്‍ എത്തി അറച്ഹു നിന്നു. 
വിശ്വനാഥന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പുറത്തെ ഇളം വെയില്ലേക്ക് നോക്കി. പാതി മുഷഞ്ഞ വെളുത്ത വസ്ത്രമിട്ട മരണം അസ്വസ്ഥതയോടെ തന്‍റ്റെ ഊഴത്തിനായി കാത്തുനിന്നു.
അടുത്ത ഒരുനിമിഷത്തില്‍, ഒരു ദിവസവും ഒരു മണിക്കുറും ഒരു നിമിഷവും ഒരു കാലവും മരിക്കും . 
മരണം വീണ്ടും അസ്വസ്ഥതയോടെ വാതിലിലുടെ എത്തി നോക്കി...വിശ്വനാഥന്‍ ഘടികാരത്തിലെക്കും...
സമയം പതിനൊന്നേ അമ്പതിഒന്‍പത് ....
സമയം മരിച്ചിരിക്കുന്നു, അതിന്‍റെ സുചികളും. വിശ്വനാഥന്‍ പൊട്ടിച്ചിരിച്ചു. മരണം അത്ഭുതത്തോടെ വാതില്പഴുതിലുടെ തന്‍റെ ഊഴവുംകത്ത്‌ വീണ്ടും എത്തിനോക്കി ....

ദിവസം രണട് 
മോര്‍ച്ചറിയിലെ തന്‍റെ ശവത്തെ പോസ്ടുമോര്‍ട്ടം ചെയ്തപ്പോള്‍ വിശ്വനാഥന്‍റെ കൈവിറച്ചില്ല. പാതിയടഞ്ഞ തന്‍റെ കണ്ണുകള്‍ക്ക്‌ ബുദ്ധന്‍റെ ചൈന്തന്യമുണ്ടെന്നു തോന്നി. കഴുത്തില്‍ ജീവന്‍റെ മാത്രയളന്ന സ്തെതെസ്കോപ്പ് തുക്കിയ പാടുകളും കൈതുമ്പില്‍ മരുന്നുകള്‍ എഴുതിയ പാടുകളും ഉഴികെ സംശയസ്പധമായി മറ്റു പാടുകള്‍ ഒന്നും തന്നെ കാണാനില്ല. ഒരു ദീര്‍ഘ നിശ്വാസത്തോടെ മേശപ്പുറത്തെ പാതിയൊഴിഞ്ഞ മദ്യ ഗ്ലാസ്സിലേക്ക്‌ നോക്കികൊണ്ടു വിശ്വനാഥന്‍ തന്‍റെ ശവത്തിന്‍റെ നെഞ്ചിലേക്ക് കത്തിയിറക്കി. 
ശവത്തിന്‍റെ കൈയില്‍ അപ്പോഴും അണിഞ്ഞിരുന്ന വാച്ചില്‍ സമയം പതിനൊന്നേ അന്പതിയോന്പത്...
തന്‍റെ ഊഴംകത്തിരുന്ന മരണം ഒന്നുകുടി മാറിയിരുന്നു....

ദിവസം മൂന്ന് 
വാതിലില്‍ തൂക്കിയിട്ട ക്രിസ്തുവിന്‍റെ പടത്തിലെ ഒരിക്കലും കെടാത്ത മെഴുകുതിരി വെളിച്ചത്തില്‍ വിശ്വനാഥന്‍ ഒരു സ്വപനത്തിലെന്നപോലെ സ്വയം മറന്നിരുന്നു. മുന്നില്‍ ഇറങ്ങാനിരിക്കുന്ന ഒരു ചലച്ചിത്രത്തിന്‍റെ പ്രസ്യവച്ചനങ്ങള്‍ക്ക് താഴെ വിശ്വനാഥന്‍റ്റെ നായകരൂപം തെളിഞ്ഞു നിന്നു..
ഈര്‍പ്പം വറ്റിയ ചുവരിന്‍റെ കറുത്തപാടുകള്‍ക്കപ്പുറം മരണം അപ്പോഴും കാത്തുനില്‍ക്കുകയായിരുന്നു...
ചുവരിലെ മരിച്ച ഘടികാരത്തില്‍ അപ്പഴും സമയം പതിനൊന്നേ അന്പതിയോന്പത്..
ഒരു നീണ്ടനിശ്വാസത്തോടെ വിശ്വനാഥന്‍ മരണത്തെ അകത്തെയ്ക്കു വിളിച്ചു...പക്ഷേ കുരിശിലെറാന്‍ മടിച്ച ജീവനുള്ള ക്രിസ്തുവിന്‍റെ പടംപോലെ ആരും തൂക്കനില്ലാത്ത ഒരു പടമായി, ഊഴംകാത്ത മരണം എന്നോ മരിച്ചു മരവിച്ചിരുന്നു...!

ഉറക്കം ബാക്കിയുണ്ട്

നിലാവിൽ പകൽ  മറന്നുവച്ചുപോയ നക്ഷത്രങ്ങൾക്കപ്പുറത്ത്  എന്നത്തേയും പോലെ ദൈവവും മരണവും തെരുവുറങ്ങാനായി കാത്തു നിന്നു. തെരുവിൽ ഒറ്റക്കും തെറ്റക്കുമായി ഇനിയുമുറങ്ങാത്ത മനുഷ്യർ, ഉറങ്ങുന്നവർക്കിടയിലൂടെ ഇപ്പോഴും വാഹനങ്ങൾ ഓടിച്ചു കളിക്കുന്നുണ്ട്.  പടിവാതിൽ തുറന്നു ദൈവത്തെയും മരണത്തെയും കാത്തു ഞാൻ നില്ക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. ചുവരിൽ കോറിയിട്ട കവിതയിലെ അക്ഷരങ്ങൾ മൂങ്ങകളായി പറന്നു തുടങ്ങിയിട്ടും നേരമേറെയായി.
ദൂരെയെങ്ങോ ആരുടെയോ ടൈംപീസിൽ നേരം പന്ത്രണ്ടടിച്ചു, കൂടെ ദൈവവും മരണവും മുറിയിലേക്ക് കയറിവന്നു. എനിക്ക് ചിരിയൊതുക്കാനായില്ല. പ്രേതങ്ങൾഇറങ്ങെടാപ്പോഴാണ് ദൈവവും മരണവും ഇറങ്ങുന്നത്!!
എന്തേ ?  ഒരു ചെറു പുഞ്ചിരിയോടെ മരണം ചോദിച്ചു
"ഒന്നുമില്ല പ്രേതങ്ങളാണെന്നു തെറ്റിദ്ധരിച്ചു "ചിരിയൊതുക്കിക്കൊണ്ടു ഞാൻ മറുപടി പറഞ്ഞു
ഒരു ചെറു പൊട്ടിച്ചിരിയുടെ രണ്ടുപേരും എനിക്ക് മുന്നിലെ വിക്ടോറിയൻ റൌണ്ട് ടേബിളിനരികിലേക്കു കസേരകൾ വലിച്ചിട്ടിരുന്നു.
ദൈവത്തിന്റെ കൈയ്യിൽ എന്നത്തേയും പോലെ പൊതിയഴിക്കാത്ത  മദ്യക്കുപ്പിയുണ്ടായിരുന്നു.
ചരിത്രവും ചിന്തകളും വാറ്റിക്കുറുക്കിയ, തലമുറകളെ വെന്തുരുക്കിയ വെളുത്തവന്റെ വിശ്വാസം അതിലെന്നും പതഞ്ഞു പൊങ്ങും.
"ഇന്നെന്തേ ഒരു ക്ഷീണം"  ദൈവം ഗ്ലാസിൽ മദ്യം പകർന്നു കൊണ്ട് മരണത്തിനോട് ചോദിച്ചു. അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. ശരിയാണ് മരണം ഒരിക്കലുമില്ലാത്ത വിധം തളർന്നിട്ടുണ്ട്
" ഓ അതൊരു വലിയ കഥയാണ്  അക്ഷരങ്ങൾക്കപ്പുറത്തെ, അവയുടെ ദിശാബോധങ്ങൾക്കപ്പുറത്തെ പ്രകൃതിയിലെ ശാസ്ത്രം തിരിച്ചറിയാത്ത  നാലാം മാനമായ തിരിച്ചറിവെന്ന  ബോധത്തിന്റെ കൂടെയായിരുന്നു ഇന്ന് മുഴുവൻ. കാലമില്ലെങ്കിലില്ലാതാകുന്ന മരണമെന്ന എന്റെ കൈയ്യുമേന്തി  കാലവും അകലവും കുത്തഴിഞ്ഞ തെരുവിലൂടെ അവളലഞ്ഞു  നടക്കുകയായിരുന്നു. മതിഭ്രമത്തിനും മനസ്സിനുമിടയിൽ എനിക്കിന്നാദ്യമായി ദൈവമെന്ന എന്റെ കൂട്ടുകാരനില്ലാതായി. അവളെനിക്കിവനില്ലാതാക്കി, എന്നെ ഇല്ലാതാക്കി...ദൈവമില്ലങ്കിൽ മരണമില്ലല്ലോ. മരണമില്ലെങ്കിൽ ദൈവവും..."
മരണമതു പറഞ്ഞപ്പോൾ ദൈവത്തിന്റെ മദ്യപിച്ചു പാതിയടഞ്ഞ കണ്ണിൽ ഒരു നിശബ്ദതയുടെ തിളക്കമുണ്ടായിരുന്നു.-ഒരു മരിച്ചവന്റെ  കുന്പസാരം.
പുറത്തു പെട്ടന്ന് മഴ പെയ്തു തുടങ്ങി.
മെല്ലെ മെല്ലെ ആ മഴ പിന്നെ  പ്രളയമായി
പ്രളയമഴ തെരുവുകൾ തകർത്തു കുത്തിയൊഴുകി
മതങ്ങളും, തത്വശാസ്ത്രങ്ങളും നീതിബോധങ്ങളും അവയിൽ ചത്തു പൊങ്ങിയിരുന്നു
അവക്കിടയിലേക്കു ഒഴിഞ്ഞ മദ്യക്കുപ്പി വലിച്ചെറിഞ്ഞു ദൈവവും മരണവും പിന്നെ ഞാനും എന്നത്തേയും പോലെ പാതിയടഞ്ഞ വാതിലുകൾക്കു പിറകിൽ എവിടെയൊക്കെയോ വീണു കിടന്നുറങ്ങി
ചരിത്രത്തിന്റെയും പൗരോഹിത്യത്തിന്റെയും ചതിക്കുഴിൽ രാജ്യത്തിനിനിയും ഉറക്കമേറെ ബാക്കിയുണ്ട്
ഉറക്കം ബാക്കിയുണ്ട്

ഒരു നിഴൽ പാട്

ഇടയിലെവിടെയാണ് നാം നമ്മെ മറന്നു വെച്ചതെന്നോർമ്മയുണ്ടോ?
അതൊരു ചോദ്യത്തെക്കാൾ ഒട്ടനവധി ഉത്തരങ്ങൾ ഒന്നിച്ചു ചേർത്ത ഒരു പ്രസ്താവനയായിരുന്നു. 
നന്ദനങ്ങിനെയാണ്. പറയുന്പോൾ വാക്കുകളുടെ ഘടനാക്രമങ്ങൾ ഒരുതരം പ്രസ്താവനയുടെ സൗകുമാര്യം നൽകും. കൂട്ടത്തിൽ അവന്റെ ശബ്ദം കൂടെയാകുന്പോൾ പിന്നെ പറയുകയും വേണ്ട.
കോളണിയിലെവിടെയോ രാത്രിയുടെ നിശബ്ദത കോർത്ത തണുത്ത കാറ്റിനോടൊപ്പം സമയമറിയിച്ചുകൊണ്ട് രണ്ടു തവണ ക്ലോക്കിന്റെ മണി മുഴങ്ങി .
കൈയ്യിലെ ഒഴിഞ്ഞ ഗ്ലാസും പാതിയൊഴിഞ്ഞ കുപ്പിക്കുമപ്പുറത്തു നന്ദൻ അടുത്തൊരു പ്രസ്താവനയും തിരഞ്ഞു എന്തോ ചിന്തയിലാണ്.
"ബാലനുറങ്ങണമെങ്കിൽ ഉറങ്ങിക്കോളൂ . ഭാര്യക്ക് എന്തായാലും ഞാൻ വന്നത് തന്നെ പിടിച്ചിരിക്കില്ല. ജീവിതം കൂടുതൽ ബോറടിപ്പിക്കണ്ട. ഞാനീക്കുപ്പി തീർത്തു നേരം പുലരും മുന്പേ അങ്ങുപോകും"
ഒരു വിഡ്ഢിയെ പോലെ ബാലൻ ചിരിച്ചു.
"വേണ്ട നന്ദൻ. ഇന്ന് നമ്മുടെ ദിവസമാണ് . താനിരിക്കുകയോ കുടിക്കുകയോ ചിരിക്കുകയോ ചെയ്യൂ. ഇനി എന്നാണു നാം കാണുകയെന്നറിയില്ലല്ലോ "
"എന്തെ നാമൊക്കെ ഇങ്ങിനെയായതു ബാലാ ? ജീവിതത്തെ പ്രേമിച്ച ഞാനിന്നു വേട്ട നായ്ക്കൾക്കിടയിൽ ജീവിതം വലിച്ചെറിഞ്ഞു പരക്കം പായുന്നു. ജീവിതത്തിൽ ഒന്നുമാകാൻ കൊതിക്കാത്ത നീയിന്നു ജീവിതത്തിന്റെ കൂപ്പുകുഴിൽ തലകുത്തി നിൽക്കുന്നു. എവിടെയാണ് നമുക്കൊക്കെ പിഴച്ചുപോയതു . ഇടയിലെവിടെയാണ് നാം നമ്മെ മറന്നു പോയത് ബാലാ ?"
അവന്റെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നു .
എന്റെയും
മുന്നിൽ മുഖം മറക്കാനറിയാത്ത കണ്ണാടിയിൽ വെളിച്ചം പതുങ്ങിയ അതിഥികൾക്കായി ഒരുക്കിയ സന്ദർശന മുറിയിൽ നന്ദനും ബാലനും നിഴലുകൾ മാത്രമായിരുന്നു. ഇറ്റാലിയൻ മാർബിളിട്ട, ലെതർ സോഫായിട്ട മുറിയിൽ  ക്യാൻറ് തൊട്ടു കമ്മ്യൂണിസം വരെയും, ചരിത്രം തൊട്ടു ചിത്രകാരന്മാർ വരെയും വൃത്തിയായി നിരത്തി വച്ച ഷെൽഫുകൾക്ക് മുന്നിൽ അതൊന്നുമല്ലാത്ത നഷ്ടബോധത്തിന്റെ ദുരന്ത സ്‌മൃതികളായി രണ്ട്‌ മനുഷ്യർ നിസ്സഹായതയോടെ ജനാലക്കപ്പുറത്തെ ഇരുളിലേക്ക് കണ്ണുംനട്ട് നിശ്ശബ്ദരായിരുന്നു.
നാളെ നന്ദനെന്ന നക്സലൈറ്റ് ലീഡർ പോലീസിനാൽ കൊല്ലപ്പെടാം
എഡിറ്ററായ ബാലനത് എഡിറ്റ് ചെയ്തു പരസ്യങ്ങൾക്കിടയിൽ അക്ഷരമെണ്ണിയൊതുക്കി അച്ചടിക്കാം
പുലരേനെറെയില്ലാത്ത രാത്രി പാതിയൊഴിഞ്ഞ കുപ്പിക്ക് പിന്നിൽ ഒരുന്മാദത്തിന്റെ ഏച്ചുകൂട്ടലോടെ നന്ദനും ബാലനുമിടയിൽ ആരോ മറന്നു വച്ചതുപോലെ പറയാൻ വാക്കുകൾ നഷ്ടമായ ഒരു വേദനയായി കണ്ണടച്ചിരുന്നു. ആ കണ്ണുകളിൽ അപ്പോഴും ഒരു നിഴൽ പാട് മറയാതിരുന്നിരുന്നു

ഒരു തണുത്ത കാറ്റും പിന്നെ മഴയും

ഒരു തണുത്ത കാറ്റും പിന്നെ മഴയും
"ഇടയിലൊന്നു നിറുത്തി പോകണം "
പിന്നിൽ നിന്നുമൊരിടറിയ സ്ത്രീ ശബ്ദമുയർന്നു വന്നു. ജീപ്പിന്റെ സ്പീഡ് കുറക്കാതെ തിരിഞ്ഞു നോക്കി. മെലിഞ്ഞു വിളറിയൊരു സ്ത്രീ. കൂടെ ഒരു കുഞ്ഞുമുണ്ട് .
"കുട്ടിക്ക് മൂത്രമൊഴിക്കണം"
ജീപ്പ് കയറ്റം കയറുകയാണ്. ഫോർവീലെർ മാത്രം കയറുന്ന വയനാടൻ കയറ്റങ്ങളിൽ ഇടയിൽ വണ്ടി നിറുത്തുക ബുദ്ധിമുട്ടാണ്.
"ഈ കയറ്റം ഒന്ന് കേറിക്കോട്ടെ ...എന്നിട്ടു നിർത്താം "
"ഓ മതി..." അതിലൊരാശ്വാസത്തിന്റെ തിണർപ്പുണ്ടായിരുന്നു . ഒരുപക്ഷെ അവർ ദേഷ്യപെടലിനെ ഭയന്നിരിക്കാം. അല്ലെങ്കിലും ജീപ്പോടിക്കുന്നവർ പലരും പരുക്കൻമാരാണല്ലോ. ആദ്യമായി വയനാടൻ കാട് കയറിയപ്പോൾ ഇതുപോലെ ജീപ്പുകളോ റോഡോ ഉണ്ടായിരുന്നില്ല.
മമ്മൂഞ്ഞിക്ക എന്ന കാളവണ്ടിക്കാരന്റെ ഔദാര്യം മാത്രമാണുണ്ടായിരുന്നത്. കൂടെ വന്ന പലരും മലന്പനി വന്നു മരിച്ചു. മരിക്കാത്തവരിൽ പലരും തിരിച്ചു പോയി. ബാകിയായവർ കാടുവെട്ടി മരം വിറ്റും തൊട്ടം നട്ടും ജീവിതം പടുത്തുയർത്തി. ചായയും കാപ്പിയും കുരുമുളകും നട്ടു കാശുണ്ടാക്കി . നെല്ലുണ്ടാക്കാൻ മാത്രമറിഞ്ഞ കുറിച്ചിയരും , ചെട്ടിയാന്മാരും കാടിറങ്ങി.
രണ്ടാം വട്ടം കാടുകേറി വയനാട്ടിൽ വന്നവർ റബ്ബറും കൊണ്ടാണ് വന്നത്. അവർ കാടായ കാടെല്ലാം, തോട്ടങ്ങളായ തോട്ടങ്ങളെലാം വെട്ടി റബ്ബര് വെച്ചു. കാപ്പി മുതലാളികൾക്കും ചായ മുതലാളികൾക്കും ഇടയിൽ റബ്ബർ മുതലാളികൾ വളർന്നു വന്നു. അതിനിടയിലെന്നോ കൊക്കോയും കപ്പയും പിന്നെ ഇഞ്ചിയും വന്നുപോയി. പിന്നെ ചുരങ്ങൾ വന്നു, റോഡ് വന്നു അവർക്കു പിന്നാലെ മൂന്നാം വട്ടം കാട് കയറി വയനാട്ടിലേക്ക് വന്നത് റിസോർട്ടിന്റെ രൂപത്തിലാണ്. കാടും മലകളും വെട്ടി, റബ്ബറും തോട്ടങ്ങളും വെട്ടി, മലകളും കുന്നുകളും വെട്ടി കെട്ടിടങ്ങൾ വളർന്നു.
ഇത് കണ്ടു പകച്ചു നിൽക്കുന്ന കൃഷിക്കാരന് മുന്നിൽ റിസോർട്ടുകൾ തടിച്ചു കൊഴുത്തു. 
കാട് കയറി വന്നവർ, 
കൃഷി ചെയ്തു പഠിച്ചവർ, 
മണ്ണറിഞ്ഞു ജീവിച്ചവർ മലകളിറങ്ങി തുടങ്ങി.
കയറ്റം കഴിഞ്ഞു വണ്ടി ബ്രേക്കിട്ടു സൈഡിൽ നിറുത്തി.
സ്ത്രീയും കുഞ്ഞും പുറത്തിറങ്ങി കുറ്റികാടിനു പിന്നിലേക്ക് നടന്നു മറഞ്ഞു. അവരൊഴികെ വണ്ടിയിലെല്ലാവരും ടൂറിസ്റ്റുകളാണ്. പല നാട്ടുകാരും പല ദേശക്കാരും. അവരിലൊരു വയസ്സൻ സായിപ്പുമുണ്ട്. കയറിയത് മുതൽ അദേഹത്തെ ശ്രദ്ധിച്ചിരുന്നു. നരച്ച കണ്ണുകൾക്ക് പിന്നിൽ മറ്റു ടൂറിസ്റ്റുകളിൽ കാണുന്ന ആകാംഷയോ ഉല്ലാസമോ ആ കണ്ണുകളിൽ കണ്ടില്ല. ഒരുതരം നിസ്സഹായാവാസ്തയായിരുന്നു അതിൽ മുഴുവൻ.
നാല്പത്തൊന്നിലെത്താൻ ഇനിയും സമയമെടുക്കുമോ ?
ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യം
പത്തു മിനിറ്റ് കൂടെ സായിപ്പേ
മുറി ഇംഗ്ലീഷിലായിരുന്നു ഉത്തരം
നാല്പത്തൊന്നിലാരെ കാണാനാണോ സായിപ്പ് പോകുന്നത് . നാല്പത്തൊന്നോരു ഓണംകേറാ മൂലയാണ് .അവിടെങ്ങും റിസോർട്ടോ ഹോംസ്റ്റായോ ഉള്ളതായി അറിവില്ല. പണ്ടെങ്ങോ ആരോ ഉപേക്ഷിചു പോയ ഒരു പൊളിഞ്ഞ കെട്ടിടമല്ലാതെ കണ്ണെത്താ ദൂരത്തു കാപ്പി തോട്ടമാണവിടെ
സ്ത്രീയും കുഞ്ഞും തിരിച്ചു വന്നു ജീപ്പിൽ കയറി. നാല്പത്തൊന്നിൽ സായിപ്പിനെ ഇറക്കി വണ്ടി മുന്നോട്ടെടുത്തപ്പോൾ ഇത്തിരി ഭയമില്ലാതിരുന്നില്ല. അടുത്തൊന്നും ഒരു മനുഷ്യനെയും കാണാനില്ല. അതുകൊണ്ടു തന്നെ " സായിപ്പേ ഇവിടെത്തന്നെയാണോല്ലോ ഇറങ്ങേണ്ടതെന്നു " ചോദിക്കാതിരുന്നില്ല. വെറുതെ തലകുലുക്കി കാശ് തന്നതല്ലാതെ സായിപ്പൊന്നും പറഞ്ഞില്ല.
മനുഷ്യരെന്തെല്ലാം തരക്കാരാണ് !
യാത്രയിലുടനീളം സായിപ്പ് മനസ്സിൽ നിന്നും മറഞ്ഞതേയില്ല. 
രാത്രി കിടക്കുമ്പോഴും പിറ്റേന്നുണരുമ്പോഴും സായിപ്പ് തന്നെയായിരുന്നു മനസ്സിൽ. 
രാവിലെ വണ്ടിയെടുത്തപ്പോൾ വണ്ടി തനിയെ നാല്പത്തൊന്നിലെക്കു തിരിഞ്ഞു. അവിടെ കണ്ട കാഴ്ച്ച അദ്ബുതകരമായിരുന്നു. നാല്പത്തൊന്നിലെ പൊളിഞ്ഞു തകർന്ന വീടും പരിസരവും വെട്ടി തെളിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഇന്നലെ കത്തിച്ചു വച്ചതായിരിക്കണം ഒരു റാന്തൽ അപ്പോഴും പുറത്തു കത്തി നിൽക്കുന്നുണ്ടായിരുന്നു. 
കർത്താവേ ഇതെന്തു കഥ! 
മനസ്സിലെ ആകാംഷയടക്കാനായില്ല. വണ്ടിയരികിൽ നിർത്തി മെല്ലെ അകത്തേക്ക് നടന്നു. വാതിലില്ലാത്ത മേൽക്കൂരയില്ലാത്ത ഇടിഞ്ഞു തകർന്ന, ഇന്നലെ മാത്രം കാട് വെട്ടി തെളിച്ച കെട്ടിടത്തിനകത്ത് സായിപ്പ് മരിച്ചു കിടന്നിരുന്നു. അരികിൽ കത്തിയെരിഞ്ഞ ഒരുപാട് മെഴുകുതിരികൾക്കിടയിൽ ഒരു സുന്ദരിയായ ചെറുപ്പക്കാരിയുടെയും ജിസ്സസ്സിന്റെയും വളരെ പഴകിയ ചിത്രങ്ങളുണ്ടായിരുന്നു.
പുറത്തു പെട്ടെന്ന് എങ്ങുനിന്നെന്നറിയാത്ത ഒരു കൊടുംകാറ്റ് ആഞ്ഞു വീശി 
അങ്ങ് ദൂരെ പള്ളിയിൽ കൂട്ട മാണി മുഴങ്ങി 
 ഇലകളും കാടും വീണ്ടും പടർന്നു പന്തലിച്ചു 
നാലാം വട്ടം കാട് വെട്ടി കയറിയവൻ, 
വയനാട്ടിൽ വന്നവൻ 
ആരെന്നറിയാതെ 
ആരോടും പറയാതെ 
ഇടിഞ്ഞു വീണ വീടിനുള്ളിൽ 
പടർന്നു കയറിയ കാട്ടിനുള്ളിൽ 
എരിഞ്ഞടങ്ങിയ മെഴുകുതിരികൾക്കു മുന്നിൽ 
പഴകി ദ്രവിച്ച ജീസസ്സിന്റെയും സുന്ദരിയായ ചെറുപ്പക്കാരിയുടെയും ഫോട്ടോകൾക്ക് മുന്നിൽ 
മരിച്ചു കിടന്നു 
പുറത്തു വായനാടിനെയാകെ കുളിപ്പിച്ച് ഒരു മഴ പെയ്തു 
പിന്നെ ഒരു തണുത്ത കാറ്റും

നിറങ്ങളറിയാതോടുങ്ങുന്ന ജന്മങ്ങൾ

"ആകാശത്തിന്റെ നിറം നീലയല്ല.
കറുപ്പിനും വെളുപ്പിനുമിടയിലുള്ള ചാര നിറമാണ്. 
നിന്റെ കണ്ണുകൾക്കും അതെ നിറമാണ് " അനിരുദ്ധൻ അവളുടെ കണ്ണുകളിലേക്കു ദീർഘനേരം നോക്കികൊണ്ട്‌ ചെവിയിൽ  മെല്ലെ പറഞ്ഞു. സ്വന്തം നഗ്നത മറക്കാൻ പുതപ്പ് കഴുത്തറ്റം വലിച്ചു മറച്ചുകൊണ്ട് അവൾ അനിരുദ്ധനോട് ചോദിച്ചു
"നിറങ്ങളോരോന്നും തിരിച്ചറിവാണ്.
ഒന്നിൽ നിന്നും മറ്റൊന്നിനെ വേർതിരിക്കുന്നതെന്തോ അല്ലെങ്കിൽ എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം എത്രയാണോ അതിൽ  നിന്നാണാ  തിരിച്ചറിവുണ്ടാകുന്നത്.
നിറങ്ങളോരോന്നും തിരിച്ചറിവാണ്
നിനക്കതറിയില്ല
നിനക്കെന്നെയറിയില്ല
നിനക്ക് നിന്നെ പോലുമറിയില്ല പിന്നെയല്ലേ നിറങ്ങൾ "
അവളുടെ ശബ്ദത്തിൽ ഒരു പുച്ഛരസമുണ്ടായിരുന്നു
അനിരുദ്ധൻ നിശബ്ദനായി തുറന്നിട്ട ജനാലക്കപ്പുറത്തെ രാവിന്റെ നിറങ്ങളിലേക്കു മുഖം തിരിച്ചു കിടന്നു
ജനാലക്കപ്പുറത്ത് ഇരുളിന്റെ മറവിൽ  എണ്ണിയാലൊടുങ്ങാത്ത വാതിലുകൾക്കുപിറകിൽ പുരുഷന്മാരും സ്ത്രീകളും നിറങ്ങളറിയാതെ തിരിച്ചറിവറിയാതെ   അനിരുദ്ധന്മാരും വെറും അവളുമാരുമായി വീണ്ടും വീണ്ടും ജനിച്ചുകൊണ്ടെയിരുന്നു.
ചുകന്ന ചന്ദ്രനെയും
പച്ച നിലാവിനെയും
നീല മരങ്ങളെയും
വെളുത്ത നിഴലുകളെയും
കറുത്ത വെളിച്ചത്തെയും അവരൊരിക്കലും കണ്ടില്ല

സൗന്ദര്യ ശാസ്ത്രം

പാതി മറഞ്ഞും മുറിഞ്ഞും വീഴുന്ന നിഴലുകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഒരു  ഇടവഴിക്കപ്പുറത്താണ് ഹനുമാൻ മാഷിന്റെ വീട്. തലയിലും മുഖത്തും രോമമില്ലാതെ ഉയരം കുറഞ്ഞു കണ്ടാൽ രൂപഭംഗിയില്ലാത്ത മാഷിന് നാട്ടുകാരിട്ടുകൊടുത്ത പേരാണ്  ഹനുമാൻ മാഷ്. സ്കൂളിൽ എല്ലാവര്ക്കും പേടിസ്വപ്നമായ ചൂരൽ കൈയ്യിൽ പിടിച്ചു നടക്കുന്ന മാഷ്  പക്ഷെ വീട്ടിൽ ഭാര്യയുടെ മുന്നിൽ പൂച്ച കുട്ടിയാണെന്നായിരുന്നു നാട്ടിലെല്ലാവരിലും പാട്ട്.  മാഷിന്റെ വീടിനു മുന്നിലൂടെ കടന്നു പോകുമ്ബോൾ പാലപ്പോഴും തുണിയലക്കുന്നതും പാത്രം കഴുകുന്നതും വീടടിച്ചു വരുന്നതും കണ്ടിട്ടുണ്ട്.  പലരും പറഞ്ഞു കേട്ടിട്ടുണ്ട് കണക്കിൽ അഗ്രഗണ്യനായ മാഷിന് ജീവിതത്തിൽ കണക്കുകൾ തെറ്റിപോയെന്ന് .  സുന്ദരിയായ ഭാര്യയെ ഭയന്ന പാവം വിരൂപനായ മാഷ്‌  എന്നാണു ആ കഥകൾ കേൾക്കുമ്പോളൊക്കെ തോന്നിയിരുന്നത്.  ശരീരസൗന്ദര്യത്തിന്റെ അധികാര രാഷ്ട്രീയം ആദ്യമായി തിരിച്ചറിഞ്ഞു തുടങ്ങിയതങ്ങിനെയാണ്. ചന്ദന നിറമുള്ള വസ്ത്രങ്ങളിൽ മലയാള തനിമ തേടുന്ന മലയാളിയും,  ചന്ദന നിറമുള്ള നായികമാരെ തിരയുന്ന കറുത്ത നായകന്മാർ മാത്രമുള്ള തമിഴനെയും കർണാടകക്കാരനെയും ഗോതംബ നിറത്തിനപ്പുറത്തെല്ലാവരും  മദ്രാസിയാകുന്ന ഉത്തരേന്ത്യൻ മാജിക്കും തിരിച്ചറിയാൻ അതിനു ശേഷം വലിയ ബുദ്ടിമുട്ടുണ്ടായിരുന്നില്ല. അല്ലെങ്കിലും നിറം കേട്ട മനസ്സുകൾക്കിടയിൽ പതിഞ്ഞ നിറങ്ങൾ പരിഷ്കാരമാണല്ലോ!

മുന്നിലെ വെളുത്ത ക്യാൻവാസിൽ ആദ്യത്തെ കറുത്ത വരയിട്ടു. അതിനു മുകളിൽ മറ്റൊന്ന്. പിന്നെ അതിൽ നിന്നും മറ്റൊന്ന്. കറുത്ത വരകൾ മുറുകിത്തുടങ്ങി.  ഒരു തരം  വെറുപ്പോടെ അവജ്ഞയോടെ വെളുത്ത ക്യാൻവാസ്‌  മുഴുവനും കറുത്ത വരകൾകൊണ്ട് കുത്തി വരച്ചിട്ടു.
പതിയെ പതിയെ ക്യാൻവാസ്‌  മൂഴുവനും കറുത്ത നിറം കൊണ്ട് മൂടി.
വെളുത്ത ക്യാൻവാസിപ്പോൾ കറുത്ത ക്യാൻവാസ്സാണ്‌ .
കറുപ്പിലെങ്ങും വെളുപ്പില്ല.
പക്ഷെ ഒരു തിരിച്ചറിവിന്റെ വേദന ഉദയംകൊണ്ടതപ്പോഴാണ്
മാർക്കറ്റിലപ്പോഴും വെളുത്ത ക്യാൻവാസ്സുകൾ മാത്രം ബാക്കി.

ഒരു മരണത്തിന്റെ ജ്ഞാനപത്രം

നിമിഷങ്ങൾ കാൽപെരുമാറ്റത്തിന്റെ പതറിയ ശബ്ദങ്ങൾ മാത്രമായ  ഇരുണ്ട ഇടനാഴികക്കപ്പുറത്തു വെളിച്ചം ആരെയോ കാത്തുനിൽക്കുന്നതുപോലെ എന്നും കടന്നു വരാൻ മടിക്കും.  വെളിച്ചം മാത്രമല്ല, ആരും ഇതിലൂടെ കടന്നു വരാറില്ല. തൂക്കി കൊല്ലാൻ വിധിച്ചവർ മാത്രം നടക്കുന്ന ഇടനാഴി   എത്തി നിൽക്കുന്നത് ഈ സെല്ലിന്റെ മുൻപിലാണ്.
അതിൽ ഒറ്റയ്ക്ക് ഞാനും .
മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഡോക്ടർ എന്ന പ്രതിഭാസം മാത്രമാണ്  ഒരു ജീവന്റെ തുടിപ്പ് അതിനുള്ളിലേക്ക് കൊണ്ടുവരുന്നത്. തൂക്കി കൊല്ലും വരെ ഞാൻ ജീവനോടെ ഇരിക്കേണ്ടത് നിയമത്തിന്റെ ആവശ്യമാണ്. കാണാൻ അത്രയൊന്നും ഭംഗിയില്ലാത്ത മധ്യവയസ്സുള്ള ഡോക്ടർക്ക്, കൊലപാതകിയായ കാണാൻ വളരെഭംഗിയുണ്ടെന്നെല്ലാവരും പറയുന്ന ചെറുപ്പക്കാരനായ ക്രിമിനലിനോട് ആദ്യമൊക്കെ വെറുപ്പായിരുന്നു. ശരീരം മുഴുവനും മറച്ച,വെറുപ്പോടെ മാത്രം ശരീരം ചെക്ക് അപ്പ്  ചെയ്തു കടന്നു പോവുമായിരുന്നു.  ഒടുവിലൊരു ദിവസം കൂടെ പഠിച്ച റഷീദ് പോലീസ് കാവലായി വന്നപ്പോളാണ് കാര്യങ്ങൾ മാറി മറഞ്ഞത്.
ഡോക്ടറെയും കൂട്ടി അത്തവണ വന്നതവനായിരുന്നു. പരിശോധനക്കായി മുറി വിട്ടു പോകുന്നതിനു മുൻപേ അവൻ ഡോക്ടറോടായി പറഞ്ഞു.
"ഡോക്ടറെ ഇവനെൻറെ  കൂട്ടുകാരനാ. ഇവനൊന്നും ചെയ്യാതെയാണ് ഈ ശിക്ഷ അനുഭവിക്കുന്നത് ..."
ഡോക്ടർ അത്ഭുതത്തോടെ എന്നേ നോക്കി പിന്നെ തിരിഞ്ഞു റഷീദിനെയും
"പിന്നേ?"
ഡോക്ടറുടെ ചോദ്യം മുഴുമിപ്പിക്കും മുൻപേ റഷീദ് ഡോക്ടറോടായി വേദനയോടെ മെല്ലേ പറഞ്ഞു
"അതൊരു വലിയ കഥ , ഡോക്ടർ അവനെ ചെക്ക് ചെയ്തു വരൂ ..ഞാൻ പറയാം .."
ഡോക്ടറോട് അവൻ കഥകൾ പറഞ്ഞിരിക്കാം. പിന്നീടെന്നും ഡോക്ടർ വന്നത് സാരിയുടുത്തായിരുന്നു. ചുണ്ടുകളിൽ ഒരു ചെറിയ ചിരിയുമുണ്ടായിരുന്നു. കൈകൾക്കു എന്നുമില്ലാത്ത മാർദ്ദവവും.
മാസങ്ങൾ പിന്നെയും കടന്നു പോയി. ഒരു ദിവസം പതിവില്ലാതെ ഡോക്ടർ ചോദിച്ചു
"ഒറ്റക്കിവിടെയെന്തുചെയ്യും ?"
സംസാരിച്ചിട്ട് നാളുകളായതിനാൽ പതറിയ വാക്കുകൾക്കിടയിൽ മാറ്റുരച്ചു നോക്കാനോ മറച്ചുവെക്കാനോ ഒന്നുമില്ലാത്ത ഒരുതരം നിഷ്ക്രിയതയോടെ മെല്ലേ പറഞ്ഞു
"ഡോക്ടറെ ഓർത്തിരിക്കും ...പിന്നേ കാത്തിരിക്കും.."
ഒരു ഞെട്ടലോടെ ഡോക്ടരെന്നേ നോക്കി. ആ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണീരുണ്ടായിരുന്നു. അന്ന് പതിവില്ലാതെ അവർകുറെയേറെ നേരം പ്രെസ്ക്രിപ്ഷൻ നോട്ടിൽ ഡൂഡിലുകൾ വരച്ചുകൊണ്ടെന്തോ ഓർത്തിരുന്നു. അവസാനം എഴുന്നേറ്റു പോകുമ്പോൾ ആദ്യമായി അവരെന്നോട്  പോട്ടെ എന്ന് പറഞ്ഞു.
അവർക്കു പിന്നിൽ അതിനുമെത്രയോ ഉച്ചത്തിൽ ഇരുമ്പഴികളുമടഞ്ഞു.
പിന്നീടവർ വന്നപ്പോഴൊക്കെയും, അവർ ഭംഗിയായി ഡ്രസ്സ് ചെയ്യുവാൻ തുടങ്ങി. അവരുടെ കണ്ണുകളിൽ ഞാനെന്നോ മറന്നുപോയ ഒരാകാംഷയുടെ തിണർപ്പുകൾ കണ്ടു. പതിവായി ഉച്ചക്ക് മാത്രമെത്തിയിരുന്ന ഡോക്ടർ  പുലരുമ്പോൾ തന്നേ എത്തുവാൻ തുടങ്ങി. മെല്ലേ മെല്ലേ പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രണയത്തിന്റെ ഒരിളം കാറ്റായി അവർ എന്റെ ജീവിതത്തിലേക്ക് മാസത്തിൽ രണ്ടു തവണ എത്തിത്തുടങ്ങി.
അങ്ങിനെ ഒരു ദിവസം അവർ പതിവിലും നേരെത്തെ മുറിയിലേക്ക് കടന്നു വന്നു. കുറെ നേരം എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കികൊണ്ട് പതിഞ്ഞ സ്വരത്തി അവർ ചോദിച്ചു "ആരെയും കൊല്ലാതെയല്ലേ തൂക്കുമരത്തിൽ കയറാൻ പോകുന്നത്, എന്നാൽ പിന്നേ എന്നെ ഒന്ന് കൊന്നിട്ട് കയറിക്കൂടെ ?"
അതൊരു ചോദ്യത്തെക്കാൾ യാചനയായിരുന്നു.
പെട്ടന്ന് എന്നും കയറാൻ മടിച്ചിരുന്ന വെളിച്ചം ഇട നാഴിയിലൂടെ കുതിച്ചെത്തി. ഇരുളും വികാരങ്ങളും കെട്ടിമറഞ്ഞ ഞങ്ങൾക്കിടയിൽ ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിച്ചു. ഇരുമ്പഴികൾക്കിടയിലൂടെ കന്മതിലുകളിടിഞ്ഞു വീണു. ചുവരിലെ എനിക്ക് മുൻപേ തൂക്കിലേറിയവന്റെ ദൈവ വചനങ്ങൾ  മണ്ണിൽ തകർന്നു വീണു.
ജീവിതം സ്വന്തം കൊലപാതകിയെ തിരഞ്ഞുള്ളൊരു  യാചന മാത്രമാണെന്ന തിരിച്ചറിവിൽ വെളിച്ചം ദൈവമായി
റഷീദ്  സമയമായെന്നോർമിപ്പിക്കാനായി ഡോക്ടറെ തൊട്ടു വിളിച്ചു
ഡോക്ടറും ഞാനുമൊന്നും ഒരിക്കലും ജനിച്ചിരുന്നില്ലെന്നു ജീവിച്ചിട്ടില്ലെന്നു റഷീദിനോ അവൻ പാലിക്കുന്ന നിയമത്തിനോ ഒരിക്കലും അറിയില്ലായിരുന്നു

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും
പറയാൻ കഴിയാതെപോയ
പറയാതിരിക്കേണ്ടി  വന്ന
പാതിയിൽ മുറിഞ്ഞുപോയ
ഒരു കഴിവുകേടിന്റെ
ഒരു ബന്ധത്തിന്റെ
ദുഖം മറഞ്ഞിരിപ്പുണ്ടാകും ..."

അശോകൻ  അസ്വസ്ഥതയോടെ മഷി പരന്നു പാതി നശിച്ച പഴയ ആ കടലാസിലേക്ക് വീണ്ടും നോക്കി. വേണുവിന്റെ എഴുത്തുകൾ പോലും മാഞ്ഞു തുടങ്ങി. കൊളേജിന്റെ വാതില്ക്കലവസാനമായി കാണുബോൾ അവന്റെ കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു നിസ്സഹായാവസ്ഥയുണ്ടായിരുന്നു. കൈയ്യിലോതുങ്ങാത്ത ഒരു കേട്ട് കടലാസ് എന്റെ കൈയ്യിലേക്ക് തന്നു പടിപ്പു നിർത്തി   യാത്ര പറയുന്പോൾ, പതറാത്ത ശബ്ദത്തിൽ അവൻ പറഞ്ഞു " ഇനി എനിക്കിതിന്റെ ആവശ്യമില്ല..എന്റെ ആത്മാവും ശരിരവും ഞാനിവിടെ പടിയടചു പിണ്ഡം  വക്കുന്നു.."

പിന്നീടവനെ  അവനെ കണ്ടിട്ടില്ല. അവനെഴുതിയ കടലാസ്സുകൾ മുഴുവ്വനും ഭദ്രമായി സുക്ഷിച്ചപ്പോഴും പിന്നീട്  ജീവിത തിരക്കുകളിലെവിടെയോ   അവനെയും അവന്റെ കടലാസുകളെയും ഞാൻ മറന്നു പോയിരുന്നു.  മുന്നിൽ തുറന്നുവച്ച കടലാസുകെട്ടിന്റെ മടക്കുകൾ ഫാനിൻറെ കാറ്റിൽ പതിയെ മേശപ്പുറത്തുനിന്നു ശബ്ദമുണ്ടാക്കി.

പുറത്തു മെയ്‌ മാസ ചൂട് തിളച്ചുമറഞാപ്പോൾ അരികിൽ അവന്റെ കടലാസ്സിൽ അവന്റെ പറയാതെ പോയ വാക്കുകൾ ഒരോതുക്കത്തോടെ അവനെ പോലെ പതുങ്ങി നില്ക്കുന്നതായി തോന്നി.  
പാതി മുറിഞ്ഞും പാതി പറഞ്ഞും

''തിരിച്ചറിയാതെ  പോകുന്ന ആ വയ്ക്കുകളൊരിക്കൽ  നമ്മെ തിരഞ്ഞെത്തുന്പോൾ
ഒരു കുറ്റബോധത്തിന്റെ പാപഭാരം പേറി പിന്നെയും  ജീവിതം ബാക്കിയാകും
ജീവിച്ചാലും ജീവിച്ചാലും തീരാതെ  ...."

വക്കരിച്ചു പാതി മുറിഞ്ഞ മഞ്ഞച്ച കടലാസ് പിന്നെയും തുടര്ന്നുകൊണ്ടേയിരുന്നു. അശോകന്റെ കണ്ണിൽ  ഇരിട്ടു നിറയുകയായിരുന്നു...

തിരഞ്ഞെടുപ്പിന്റെ റിസൾട്ട്


നാളെ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരികയാണ്.
താടി നരച്ച പുസ്‌തകങ്ങളുടെ, വംശീയതയുടെ, വിഹ്വലതകളുടെ, ആധിപത്യത്തിന്റെ നേർകാഴ്ച
ഇരുളിൽ വിറങ്ങലിച്ച മൌനത്തിനും മറന്നു പോയ നിമിഷങ്ങൽക്കുമിടയിൽ പാതിയടഞ്ഞ ജനൽ പാളികൾ ഞരക്കമിട്ടു. ആരെയൊക്കെയോ കാത്തുനിന്നിട്ടും തുറന്നിടാൻ ഭയക്കുന്ന നഗരത്തിന്റെ മുൻ വാതിലുകൾ പോലെ  മുറിയുടെ നാലുകോണിലും  ചിതറി നിന്ന ചിരിക്കാൻ ഭയക്കുന്ന  മുഖങ്ങൾ  തിരിച്ചറിയാത്ത നാളെയുടെ, വരാൻ പോകുന്ന ഭാവിയുടെ കഥകൾക്കുള്ളിൽ ആശ്വാസം തിരയുകയാണ്.  പക്ഷെ കഥകൾക്കൊന്നും തുടക്കവും ഒടുക്കവും ഉണ്ടായിരുന്നതായി തോന്നിയില്ല. അവയൊക്കെയും മർമ്മരങ്ങളിലൊതുങ്ങിയ വെവലാതികലായിരുന്നു, നിന്റെതും എന്റെതുമാകാത്ത അവരുടെ മാത്രമാകട്ടെ എന്നാഗ്രഹിക്കുന്ന  ഭയപ്പാടുകൾ...തലമുറകളായി കൈമാറി ഏറ്റെടുത്ത ഭയപ്പാടുകൾ...

ഏറെ ഇരുട്ടിയ രാത്രിയുടെ തണുത്തു മരവിച്ച ഏതോ നിമിഷങ്ങളിൽ ഉറക്കമറ്റ കുഞ്ഞ് തപ്പി തടഞ്ഞെത്തി നെഞ്ചോട്‌ ചേർന്ന് പാതിയുറക്കത്തിൽ ചോദിച്ചു
" അച്ഛാ നാമ്മളെവിടെയാ  ?"
പെട്ടന്നോരുനിമിഷത്തിൽ ആ മുറി  ചരിത്രത്തിലോ, ചതിക്കുഴിയിലോ എന്ന് തിരിച്ചറിയാതെ പകച്ചു നിൽക്കുന്ന ഉറക്കമറ്റ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത കോടാനുകോടി അച്ചന്മാരുടെ രാജ്യമായി മാറി
നൊംബരമായി മാറി
സംസ്കാരമായി മാറി ....

ജനനം - 1 .1 . അറിയില്ല മരണം - 31 .12 . അറിയില്ല

ദൈവം തന്റെ അവസാനത്തെ പെഗ് മുഴുവനായും ഒരിറക്കിന് അകത്താക്കികൊണ്ട് വീണ്ടും  മനുഷ്യനായി പുറത്തേക്കിറങ്ങി. 
രാവ് ഇനിയും ഒരുങ്ങിയിട്ടില്ല 
ഒരുപക്ഷെ പ്രകാശത്തിന്റെയും വാദ്യമേളങ്ങളുടെയും ഇടയില്‍ അവള്‍ ഒളിഞ്ഞിരിക്കുന്നതാവാം...
ചുറ്റും ആര്‍ത്തലക്കുന്ന ആള്‍ക്കുട്ടങ്ങള്‍.  ദൈവം ഒരു നിമിഷം പരുങ്ങി ...
ആരുടെ കൂടെ പോകും ?
മാനദണ്ഡം എന്താകണം ?
ഉയരം ? അല്ലെങ്കില്‍ ശബ്ദം ?
തീരുമാനിക്കനാകുന്നില്ല...അല്ലെങ്കിലും തീരുമാനങ്ങള്‍ എന്നും പിഴക്കുന്നതാണല്ലോ പതിവ് .
" ഹലോ ദൈവം എന്തു പറ്റി ?.." ശബ്ദം തിരിച്ചറിയാനാകാതെ തിരിഞ്ഞു നോക്കി. കഞ്ചാവു പുക മഞ്ഞച്ച കണ്ണുകളില്‍ മന്ദഹാസത്തോടെ മരണം പിന്നില്‍ നില്‍ക്കുന്നു.
" അല്ല ആര്‍ക്കൊപ്പം പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് .." ദൈവം ഭവ്യതയോടെ പറഞ്ഞു.
ദൈവത്തിനെന്നും മരണത്തോടു ഭഹുമാനമായിരുന്നു. തന്റെ ദൈവീകതയും ആരാതകവൃന്ദവുമെല്ലാം മരണത്തിന്റെ ദാനമാണെന്ന  തിരിച്ചറിവ് ...
" അവര് കിടന്നു തുള്ളട്ടെ , താന്‍ വാ.. ഒരു നല്ല കോളൊത്തിട്ടുണ്ട് ..." തലവെട്ടിച്ചുകൊണ്ട്  മരണം പറഞ്ഞു. തലവെട്ടിക്കുബോള്‍ എന്നത്തേയും പോലെ മുടിയിഴകളിലൂടെ കൈയോടിക്കാന്‍ മരണം മറന്നില്ല. രണ്ടുപേരും ഉറക്കാത്ത കാല്‍വെപ്പുകളോടെ ഭക്തരുടെ തിരക്കിലൂടെ തുഴഞ്ഞു നീങ്ങി.
 മുന്നില്‍ യോദ്ധാക്കളുടെ മരണഭൂമി...
അതിരില്ലാത്ത പ്രപഞ്ചത്തിനു  അതിരുതീര്‍ക്കാന്‍ മരിച്ചു വീണവര്‍ക്കായി പണിതോരുക്കിയ ശ്മശാന ഭൂമി...
മരണം കാവല്‍ക്കാരന്റെ ചെവിയില്‍ എന്തോ പറഞ്ഞു ...കൈകളില്‍ പച്ച നോട്ടുകള്‍ 
പിന്നെ വാതിലുകള്‍ തുറക്കപെടുന്നു. വിശ്വാസത്തിന്റെ വാതായനങ്ങള്‍ !
ദൈവം അസ്വസ്ഥതയോടെ   ചുറ്റും നോക്കി . ഇരുളിലൊരു കോണില്‍ മരണത്തിന്റെ വിളികെള്‍ക്കുന്നു.
നീതിബോധം നഗരത്തിലെ ഭക്തന്മാരെ ഭയന്ന് നേരത്തെതന്നെ എത്തി കാത്തു നില്പുണ്ടായിരുന്നു. 
ദൈവം പരിചയഭാവത്തില്‍ പുഞ്ചിരിച്ചുകൊണ്ട് നീതിധത്തോടായി പറഞ്ഞു ...
"മരണം വിളിക്കുന്നു..."
പിന്നെ പതിയെ നീതിബോധത്തിന്റെ തണുത്ത കൈകള്‍ പിടിച്ചു മരണത്തിനു നേരെ ഇരുളില്‍ തപ്പി തപ്പി നടന്നു 
മരണവും നീതിബോധത്തെ നോക്കി പുഞ്ചിരിച്ചു  പിന്നെ ദൈവത്തോടായി പറഞ്ഞു 
" താനാ അഫ്ഘാനിസ്ഥാനില്‍ മരിച്ചവനു മുകളില്‍ ഇരുന്നോളു..നീതിബോധം ഇറാക്കില്‍ മരിച്ചവനു മുകളില്‍ ഇരിക്കട്ടെ .. ഞാനിവിടെ നക്സല്‍ രക്തസാക്ഷിക്കു മുകളിളിരിക്കാം..ചൈനയില്‍ മരിച്ചവന്റെ ശവക്കല്ലറ മേശയാക്കം ...അങ്ങിനെയെങ്കിലും ഇവരുടെയൊക്കെ മരണം ആര്‍ക്കെങ്കിലും ഉപകാരമാകട്ടെ...
മൂന്ന് ഗ്ലാസ്സുകളും വെള്ളവുമായി കാവല്‍ക്കാരന്‍ കടന്നു വന്നു.
"വേണോ ??" അരക്കെട്ടില്‍ നിന്നും വോഡ്കയുടെ നീണ്ട കുപ്പിയെടുത്ത ദൈവം കാവല്ക്കരനോടായി ചോദിച്ചു. 
കാവല്‍ക്കാരന്‍ നിഷേധാത്മകമായി തലയാട്ടി 
" വേണ്ട സര്‍...അമേരിക്കനാ പഥ്യം ..."
മരണം പൊട്ടിച്ചിരിച്ചു 
" എടൊ ഭയക്കണ്ട ..ഇതു ഡബ്ലുടീയില്‍ ജനിച്ചവനാ ..ജനിതക സങ്കരവര്‍ഗം. ഹാര്‍വാര്‍ഡില്‍ നിന്നും മാര്‍ക്സിസം, ചൈനയില്‍ നിന്നും ക്യാപിറ്റലിസം, ഇന്ത്യയില്‍ നിന്നും ലേബല്‍ " ഇന്ത്യന്‍ മെയിഡ് ഫോറിന്‍ ലിക്കര്‍ റഷ്യന്‍ വോഡ്ക "
കാവല്‍ക്കാരന്‍ അപ്പോഴും  നിഷേധാത്മകമായി തലയാട്ടി 
" വേണ്ട സര്‍...ഉണ്ട ചോറിനു നന്ദി കാട്ടണം...എനിക്ക് വേണ്ട ശവങ്ങളും  പണവും തരുന്നതവരാ..."
നീതിബോധം അസ്വസ്ഥതയോടെ സ്റ്റാലിന്റെ സ്വരത്തില്‍ കാവല്‍ക്കരനോടായി പറഞ്ഞു ...
" ആ ..താന്‍ പോ..." ആ ശബ്ധത്തില്‍ കാലങ്ങളായി മരിക്കാത്ത ഒരു ഉടമയുടെ തത്വശാസ്ത്രം കണക്കു തീര്‍ക്കുന്നുണ്ടായിരുന്നു.
ദൈവം അദ്ബുധത്തൊടെ   മരണത്തെ നോക്കി ...ഇവനെങ്ങിനെ സഹിക്കുന്നു ഈ നീതിബോധത്തെ ?  താനെന്നും നെടാനാഗ്രഹിക്കുന്ന സ്വഭാവം... ഭേതഭാവങ്ങളില്ലാതെ എല്ലാവരോടും ഒരുപോലെ, എന്നിട്ടും എല്ലാവരെയും ഭരിക്കുന്നു !
"ചിയേര്‍സ് "
മരണമുയര്‍ത്തിയ ഗ്ലാസ്സുകള്‍ക്കൊപ്പം ദൈവവും നീതിബോധവും കൂട്ടുചെര്‍ന്നു.
പതഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകല്‍ക്കിടയിലൂടെ വെട്ടിയും കൊന്നും കൊണ്ടും കൊടുത്തും നഷ്ടമായ ഒട്ടേറെ ജീവനുകളുടെ ശവക്കല്ലറകള്‍ പാതിയിരുളില്‍ നിശബ്ദമായ് ചിതറിക്കിടന്നു 
അവക്കെല്ലാം മുകളില്‍ ഒരു കാലഘട്ടം കൊത്തിവെക്കപെട്ടിരുന്നു. 
ചരിത്രത്തില്‍ വിശ്വാസങ്ങള്‍  വിശ്വം തീര്‍ക്കുമെന്നു  കരുതിയ പല കാലഘട്ടങ്ങള്‍ ...
ജനനം - 1 .1 . അറിയില്ല 
മരണം - 31 .12 . അറിയില്ല

പക്ഷെ നിശബ്ദത...

ഇന്നലകള്‍ നിറം  ചോര്‍ത്തിയ    മനസ്സിന്റെ കോണില്‍ വഴി തെറ്റി വന്നോരെക  ആശ്വാസം മരിക്കാന്‍ ഭയക്കുന്ന മനുഷ്യനില്‍ ജനിക്കുന്ന മരിക്കാത്ത ദൈവങ്ങളായിരുന്നു !

എന്തോ ഇന്ന് ദൈവങ്ങളെ കാണാനില്ല.

പുറത്തെ പായലിന്റെ പച്ചയില്‍ ഗൌരവം നേടിയ പഴകിയ ഇരുമ്പു ഗേറ്റില്‍ മുഖം ചായ്ച്ചു കാത്തുനിന്നിരുന്ന  കുരുവികള്‍ക്കും ഒരുപക്ഷെ മടുത്തിരിക്കുന്നു. അവയെയും കുറെ നേരമായി കാണാനില്ല .

പെയ്തോഴുകിപോകാത്ത ഒരുമഴക്കാറുപോലെ നീണ്ടൊരു നിശബ്ധത അവിടെങ്ങും പടര്‍ന്നു പന്തലിച്ചിട്ടേറെ നേരമായിട്ടുണ്ടാകും. മുകളിലെവിടെയോ വിചാകിരി പൊട്ടിയ  ഒരു ജനല്‍ ഇടയ്ക്കിടക്ക്  ഞരക്കം കൊണ്ടതല്ലാതെ ജീവന്റെ  എല്ലാ അനക്കങ്ങളും അവസാനിച്ചിരിക്കുന്നു.

എന്തോ ഇന്ന് ദൈവങ്ങള്‍ വരാത്ത ദിവസമാണെന്ന് തോന്നുന്നു .

എനിക്കു ഭയമാകുന്നു...

 മുറിവുകള്‍ക്കിടയിലെ തിണര്‍പാടുകള്‍ കാണാത്ത കണ്ണുകള്‍ പോലെ മതിഭ്രമങ്ങല്‍ക്കിടയില്‍ ഒറ്റപെടലിന്റെ വിഹ്വലതകള്‍ ദൈവങ്ങളായെത്തിയത്  മനസ്സ് കണാതെ പോയതാകുമോ ?
ഒന്നും തിരിച്ചറിയാന്‍ വയ്യ...

ഈ വെളിച്ചത്തിന്  പകലിന്റെ ഭയനകതയാണ്.  കാഴ്ചകളൊന്നോന്നായി  കാട്ടി കണ്ണിനെ മയക്കുന്ന  ഭയാനകത ... കാണുന്നതാരെന്നും കാണുന്നതെന്തെന്നും തിരിച്ചറിയാന്‍ വയ്യാത്ത ഭയാനകത...

പാതി മേയ്യായ മരണം ദൈവങ്ങള്‍ക്കായി പകുത്തുവച്ച അപ്പകഷ്ണങ്ങള്‍ ഇനി ഏറെ നേരം നില്‍ക്കുമെന്ന് തോന്നുന്നില്ല. പാതകള്‍ വെട്ടി ഉറുമ്പുകള്‍ വരേണ്ട സമയമായി.

അല്ലെങ്കില്‍ ഒരുകണക്കിനു ഉറുമ്പുകളെങ്കിലും വന്നാല്‍ മതിയായിരുന്നു.
ഈ മടുപ്പിക്കുന്ന നിശബ്ധത ... വയ്യ...
മുന്‍പും പലപ്പോഴും ഉറുമ്പുകള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. കൈയ്യെന്നോ കാലെന്നോ തിരിച്ചറിയാന്‍ വയ്യാത്ത അവയുടെ ശരിര ഭാഗങ്ങള്‍ ആകാശത്തങ്ങുമിങ്ങുമെറിഞ്ഞു  എന്നെ ഭയപെടുത്താന്‍ നോക്കുന്ന അവയെ നോക്കി പതുങ്ങി ഇരിക്കാന്‍ എനിക്കിഷ്ടമാണ്. പാവം ഒന്നുമില്ലെങ്കിലും അവയെനിക്കു കൂട്ടു തരുന്നുണ്ടല്ലോ...
 പെട്ടന്നാണു നിശബ്ദത ഭേദിച്ച് ദൈവങ്ങള്‍ വന്നത് .
എല്ലാം പെട്ടന്നായിരുന്നു
 കൈലെന്നത്തെയും പോലെ മദ്യകുപ്പികളുണ്ടായിരുന്നു.
കാലിലെ ചിലങ്കകലഴിച്ചുവെച്ചു കയ്യിലെ പടവാളുകള്‍ ചുവരില്‍ ചാരിവെച്ച് ദൈവങ്ങള്‍ ഒന്നുമുരിയാടാതെ മേശക്കു ചുറ്റും വട്ടമിട്ടിരുന്നു.
അവോരോരിതിഹസത്തിനു തുടക്കമിട്ടു .
നിന്നെ അറിയാത്ത എന്നില്‍നിന്നു തുടങ്ങി എന്നെ അറിയാത്ത നിന്നിലേക്ക്‌ നീളുന്ന മനുഷ്യ വംശത്തിന്റെ ഇതിഹാസം.

ഭയം മാറിയ ഞാന്‍  മാറിനിന്നു.കൂടെ മരണവും.

അല്ലെങ്കിലും മനുഷ്യരല്ലല്ലോ മനുഷ്യത്വമല്ലേ ഇതിഹാസങ്ങളുണ്ടാക്കുന്നത്...

അകത്തു മത്തു കേട്ട ദൈവങ്ങളിരിക്കുന്ന വീടിന്നു ചുറ്റും പുറത്തു ദൈവങ്ങളെ കാത്തുനിന്ന കുരുവികള്‍ വീണ്ടും
തിരിച്ചെത്തി.
നിഴല്‍ വിങ്ങിയ പകല്‍ സന്ധ്യക്കായി വഴിയോതുങ്ങി
കാറ്റ് തണുപ്പേറ്റു ചൂളം വിളിച്ചു
 പക്ഷെ നിശബ്ദത...

ചായ ഗ്ലാസ്സിലുടക്കിയ കണ്ണുകൾ

"വഴിവക്കിൽ  ആ മരം കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ ആർക്കൊക്കെയോ വേണ്ടി ഇന്നും പൂത്തു നിൽക്കാറുണ്ട് . ചിതറിയ ഇലകൾക്ക് മുകളിൽ ചില്ലകൾ ചാ...