Sunday, February 4, 2018

ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസ്

"എന്നെ അറിയാമോ ? പെട്ടന്നായിരുന്നു മുന്നിൽ നിന്നും ചോദ്യം . 
ഒരു ചോദ്യത്തെക്കാൾ അതൊരു നിസ്സഹായതയായിരുന്നു. കണ്ടാൽ ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു സ്ത്രീ . ആവശ്യത്തിലധികം മേക്കപ്പ് ഇട്ടിട്ടുണ്ട് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള അവരുടെ മുഖത്തെ ഒരു തരം നിശ്ചലതയാണെന്നെ  പെട്ടന്നുണ്ടായ ചോദ്യത്തെക്കാൾ അന്പരിപ്പിച്ചത് .
ഒരിത്തിരി വിമ്മിഷ്ടത്തോടെ അതിലപ്പുറം ചമ്മലോടെ ഇല്ലെന്നെനിക്കു മറുപടി പറയേണ്ടിവന്നു. 
കണ്ട ഓർമയില്ല. ഏതെങ്കിലും ബന്ധുവാണോ എന്നറിയില്ല. കൈയ്യിലെ ചായക്കപ്പിൽ രണ്ടു കൈകൊണ്ടും പിടിച്ചുകൊണ്ട് അവരൊന്നു ചിരിച്ചു 
"അറിയാൻ വഴിയില്ല. കാരണം നിങ്ങളെന്നെ കണ്ടിട്ടില്ല"
എന്റെ ചമ്മൽ പതിയെ മാറി.
" നിങ്ങൾക്ക്‌ ഓര്മയുണ്ടാകുമോ എന്നറിയില്ല.." അത്രയും പറഞ്ഞാപ്പോൾ ഒരുകാര്യം ഉറപ്പായി മലബാറുകാരിയാണ് അല്ലെങ്കിൽ നിങ്ങളെന്നു സംബോധന ചെയ്യില്ലല്ലൊ .
"ഞാൻ ലോറൻസിന്റെ ഭാര്യയാണ് "
ഒരു നിമിഷം ഞാൻ ഞെട്ടി .
"ലോറെൻസ് മരിക്കുന്പോൾ എനിക്കായി ബാക്കി വച്ചിരുന്ന കാലി പേഴ്‌സിൽ നിങ്ങൾക്കെഴുതിയ ഒരു കത്തും ഫോട്ടോയുമുണ്ടായിരുന്നു"
ഇങ്ങിനെ ഇവിടെ വച്ചൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചതല്ല, അല്ലെങ്കിൽ ആ കത്ത് കൊണ്ടുവരുമായിരുന്നു " അവരുടെ മുഖത്താദ്യമായി ഒരു ചെറിയ ചിരി വിരിഞ്ഞു .
ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസിന്റെ ഭാര്യ. പെട്ടെന്നവരുടെ മുഖം ഒന്ന് കൂടി സൗന്ദര്യമുള്ളതായി തോന്നി. 
"അത് സാരമില്ല . ഞാൻ ഇവിടെ ബംഗളൂരിലാണ് താമസം ...ഞാൻ വന്നു വാങ്ങികൊള്ളാം" അവരെ സമാധാനിപ്പിക്കാനായി പറഞ്ഞുതീരുംമുന്പേ അവരെന്നെ തടഞ്ഞു 
"ഇല്ല അത് ലോറെൻസിനിഷ്ടമാവില്ല. ലോറെൻസിനു ഒരിക്കലും കാണാത്ത നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഇന്റർനെറ്റ് തപ്പി പിടിച്ചാണ് നിങ്ങളുടെ ഫോട്ടോ തന്നെ ഒപ്പിച്ചത്" 
ഒരുതുള്ളി കണ്ണീർ എന്റെ കണ്ണിലാണോ അതോ അവരുടെ കണ്ണിലാണോ വന്നതെന്നറിയില്ല 
ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു പിന്നെ. അന്ന്യോന്ന്യം നോക്കാൻ ഭയന്നു വേറെയെവിടെയോ നോക്കി 
"ഇവിടെ എന്ത് ചെയ്യുന്നു ?"
"ഐ ടി സെക്ടറിലാണ്. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്നു " മറ്റൊന്നും പറയാനോ ചോദിക്കാനോ ഇല്ലാതെ ഞാൻ വെറുതെ തലയാട്ടി നിന്നു. 
"എന്താ പേര് ?"
"ലേഖ"
"ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ പ്രായം പറയുന്നു നിങ്ങളെ കണ്ടാൽ" ഒരു ചെറിയ പുഞ്ചിരിയോടെ ലേഖ പറഞ്ഞു 
ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറയാൻ തോന്നിയില്ല 
"ഫോൺ നന്പർ ?"
ഒരു നമ്പർ ഓർക്കാതെ പറയാൻ പറ്റുന്നതിനാൽ യാന്ദ്രികമായി പറഞ്ഞു കൊടുത്തു "98...."
"വിളിച്ചിട്ടു വീട്ടിൽ വരൂ " ഒരു മര്യാദ പറയാൻ മറന്നില്ല 
"വരാം കത്ത് തരേണ്ട "
ശരിയാണല്ലോ അതു മറന്നു. 
"വരട്ടെ എല്ലാത്തിനും നന്ദി" ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസെന്ന മനുഷ്യന്റെ കൂട്ടുകാരിയായ ഭാര്യ നടന്നകന്നു 
"ഞാൻ വിളിക്കും" ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞുകൊണ്ട് അവർ ആൾകൂട്ടത്തിൽ മറഞ്ഞു. 
ഒരു വേദന നെഞ്ചിലെവിടെയോ കൊളുത്തി നിന്നു 
ഞാൻ കണ്ടിട്ടില്ലാത്ത ലോറെൻസ് 

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...